തിരുവനന്തപുരം: കെപിസിസി വർക്കിങ് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് കെവി തോമസിനെ ഒഴിവാക്കി. പകരം പിടി തോമസിനെയും ടി സിദ്ദീഖിനെയും നിയമിച്ചു. കൊടിക്കുന്നിൽ സുരേഷും വർക്കിങ് പ്രസിഡണ്ടായി തുടരും.
അതേസമയം, കോൺഗ്രസിനെ ശക്തമായി തിരിച്ച് കൊണ്ടുവരുമെന്ന് പുതിയ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ പറഞ്ഞു. ഗ്രൂപ്പുകളുടെ എതിർപ്പുകളെ മറികടന്നാണ് സുധാകരനെ അധ്യക്ഷനാക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചത്. പാർട്ടിയെ ശക്തിപ്പെടുത്താൻ ആത്മാർഥതയോടെ പ്രവർത്തിക്കുമെന്നും ഗ്രൂപ്പിനേക്കാൾ പ്രാമുഖ്യം കർമശേഷിക്ക് ആയിരിക്കുമെന്നും സുധാകരൻ പറഞ്ഞു.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കേരളത്തിലെ കോൺഗ്രസിനെ നയിക്കാൻ ശക്തനായൊരു നേതാവിനെ വേണമെന്നും അതിന് ഏറ്റവും അനിയോജ്യൻ കെ സുധാകരൻ ആണെന്നുമായിരുന്നു അണികളുടെ പൊതുവികാരം. ഇത് കണക്കിലെടുത്താണ് സുധാകരനെ പ്രസിഡണ്ടായി നിയമിക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചത്. രാഹുൽ ഗാന്ധി സുധാകരനെ ഫോണിൽ വിളിച്ച് തീരുമാനം ഔദ്യോഗികമായി അറിയിച്ചു.
ഉത്തരവാദിത്വത്തോടെ പുതിയ സ്ഥാനം ഏറ്റെടുക്കുമെന്നും പാർട്ടിയെ തിരികെ കൊണ്ടുവരാനുള്ള ദൗത്യം സത്യസന്ധമായി നിർവഹിക്കുമെന്നും സുധാകരൻ പ്രതികരിച്ചു.
Also Read: പാർട്ടി ജീവനേക്കാൾ വലുത്, പടിയിറങ്ങുന്നത് ചാരിതാർഥ്യത്തോടെ; മുല്ലപ്പള്ളി







































