പത്തനംതിട്ട: കുപ്പിയിൽ പെട്രോൾ നൽകാത്തതിനെ തുടർന്ന് തിരുവല്ലയിൽ പെട്രോൾ പമ്പ് ജീവനക്കാരന് നേരെ ആക്രമണം. തിരുവല്ലയിലെ ഇടിഞ്ഞില്ലത്ത് പെട്രോൾ പമ്പിലെ ജീവനക്കാരനായ അഖിൽ ലാലിനാണ് (31) രണ്ടംഗ സംഘത്തിന്റെ ആക്രമണത്തിനിടെ കുത്തേറ്റത്. ഇന്ന് പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. ബൈക്കിൽ എത്തിയ രണ്ടുപേരാണ് ആക്രമണത്തിന് പിന്നിൽ.
ബൈക്കിൽ എത്തിയ ഇവർ കുപ്പിയിൽ പെട്രോൾ നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ, നിയമപ്രകാരം കുപ്പിയിൽ പെട്രോൾ നൽകാൻ കഴിയില്ലെന്ന് അഖിൽ ലാൽ അറിയിച്ചതോടെയാണ് ഇരുവരും ചേർന്ന് യുവാവിനെ കുത്തിയത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അഖിലിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിലെ പ്രതിയായ ചക്കുളം സ്വദേശി ശ്യാമിനെ പമ്പ് ജീവനക്കാർ ചേർന്ന് പിടികൂടി പോലീസിന് കൈമാറി. കൂട്ടുപ്രതി ബൈക്കുമായി കടന്നുകളഞ്ഞു. ഇയാൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുപ്പിയിൽ പെട്രോൾ നൽകാത്തതിനെ തുടർന്നുണ്ടായ പ്രകോപനമാണ് ആക്രമണത്തിലും തുടർന്ന് കത്തിക്കുത്തിലും കലാശിച്ചതെന്നാണ് നിഗമനം.
Most Read: സംസ്‌ഥാനത്ത് കൂടുതൽ മദ്യവിൽപന ശാലകൾ; ബെവ്കോയുടെ ശുപാർശ അംഗീകരിച്ചേക്കും