മലപ്പുറം: ജില്ലയിലെ പുഴക്കാട്ടിരി മണ്ണുംകുളത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്ന കേസിലെ പ്രതിയെ റിമാൻഡ് ചെയ്‌തു. കുറ്റിക്കാട്ടിൽ മൊയ്‌തീനെ (62) ആണ് ഭാര്യ സുലൈഖയെ (52) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പെരിന്തൽമണ്ണ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്‌തത്. കഴിഞ്ഞ ശനിയാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
പകൽ മൂന്ന് മണിയോടെയാണ് കൊലപാതകം നടന്നത്. കുടുംബ കലഹത്തെ തുടർന്ന് കഴിഞ്ഞ രണ്ട് മാസമായി ഭാര്യയെ മൊഴിചൊല്ലി വീടിന് പുറത്ത് താമസിക്കുകയായിരുന്നു മൊയ്‌തീൻ. സ്വത്ത് തർക്കമാണ് കൊലപാതകത്തിന് ഇയാളെ പ്രേരിപ്പിച്ചത്. ഭാര്യയെ മൊഴി നൽകിയ ശേഷം സ്‌ഥലം വിൽക്കാൻ മൊയ്‌തീൻ ശ്രമം നടത്തിയെങ്കിലും ഇവരുടെ മകൻ സ്വാദിഖ് കോടതി മുഖേന വിൽപന തടസപ്പെടുത്തിയിരുന്നു.
ഈ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മകനെ കൊലപ്പെടുത്താനാണ് കരുതിയതെന്നും വീട്ടിലെത്തിയപ്പോൾ അത് ഭാര്യയുടെ നേർക്കായിപോയതാണെന്നും പ്രതി പോലീസിനോട് പറഞ്ഞു. കൊളത്തൂർ പോലീസ് ഇൻസ്‌പെക്‌ടർ എ സജിത്, എഎസ്‌ഐമാരായ ടി ഷരീഫ്, ജി ജ്യോതി, സിപിഒമാരായ സുബ്രഹ്‌മണ്യൻ, അബ്‌ദുൾ സത്താർ, മുഹമ്മദ് റാഫി എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.
Most Read: മുൻ മിസ് കേരള ജേതാക്കൾ ഉൾപ്പടെ മരിച്ച അപകടത്തിൽ ഡ്രൈവർ അറസ്‌റ്റിൽ





































