മലപ്പുറം: നിലമ്പൂർ ഫോറസ്‌റ്റ് ഓഫീസ് തകർത്ത കേസിൽ മുൻപെങ്ങുമില്ലാത്ത വേഗത്തിലാണ് പിവി അൻവർ എംഎൽഎയുടെ അറസ്‌റ്റ് പോലീസ് പൂർത്തിയാക്കിയത്. നാടകീയമായ ചില രംഗങ്ങൾ ഉണ്ടായെങ്കിലും വലിയ എതിർപ്പ് അൻവറിന്റെയോ അനുയായികളുടെയോ ഭാഗത്തുനിന്ന് ഉണ്ടായില്ല. നിയമസഭാ സാമാജികനായത് കൊണ്ടാണ് അറസ്‌റ്റ് വരിക്കുന്നതെന്നാണ് അൻവർ പറഞ്ഞത്.
ജാമ്യ ഹർജിയുമായി ഇന്ന് തന്നെ കോടതിയിൽ സമീപിക്കാനാണ് അൻവറിന്റെ തീരുമാനം. ഇന്നലെ രാവിലെ 11.45ഓടെ കാട്ടാനയുടെ അക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടതിലുള്ള ഡിഎംകെയുടെ പ്രതിഷേധത്തോടെ ആയിരുന്നു സംഭവത്തിന്റെ തുടക്കം. അൻവറിന്റെ പ്രസംഗത്തിന് പിന്നാലെ മാർച്ച് അക്രമാസക്‌തമായി.
പ്രവർത്തകർ നിലമ്പൂർ ഫോറസ്‌റ്റ് ഓഫീസ് അടിച്ചു തകർത്തു. വൈകിട്ട് നാലുമണിയോടെ സംഭവത്തിൽ നിലമ്പൂർ പോലീസ് നടപടികളിലേക്ക് കടന്നു. ആറുമണിയോടെ അൻവർ ഒന്നാം പ്രതിയായി 11 പേർക്കെതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തു. കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പോലീസ് ഉദ്യോഗസ്‌ഥനെ മർദ്ദിച്ചെന്നും എഫ്‌ഐആറിൽ പരാമർശമുണ്ടായിരുന്നു.
വൈകിട്ട് ഏഴുമണിയോടെ അൻവറിനെ അറസ്‌റ്റ് ചെയ്യാനുള്ള നീക്കം തുടങ്ങി. ഒതായിയിലെ വീടിന് മുന്നിൽ പോലീസ് സന്നാഹമെത്തി. രാത്രി എട്ടിന് നിലമ്പൂർ ഡിവൈഎസ്‌പി ബാലകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള സംഘം അൻവറിന്റെ വീട്ടിലേക്കെത്തി. വീടിന് പുറത്ത് അൻവറിന്റെ അനുയായികളുടെ തടിച്ചുകൂടി. എട്ടരയോടെ പോലീസ് വീടിന് അകത്തേക്ക് പ്രവേശിച്ചു. രാത്രി 9.40 ഓടെ അറസ്‌റ്റിന് വഴങ്ങുമെന്ന് അൻവർ പ്രഖ്യാപിച്ചു, പിന്നാലെ വാറന്റിൽ ഒപ്പുവെച്ചു.
അനുയായികൾ അൻവറിനെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചു. 9.45ന് അൻവർ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നത് തടഞ്ഞ ഡിവൈഎസ്‌പിയോട് തട്ടിക്കയറി. 9.50ഓടെ അൻവറുമായി പോലീസ് സംഘം പുറത്തേക്കെത്തി. 10.15ന് അൻവറിനെ വൈദ്യപരിശോധനക്കായി ജില്ലാ ആശുപത്രിയിലെത്തിച്ചു. രാത്രി 10.40ന് വൈദ്യ പരിശോധന പൂർത്തിയാക്കി മജിസ്‌ട്രേട്ടിന്റെ വസതിയിലെത്തിച്ചു. പിന്നാലെ കോടതി എംഎൽഎയെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. 14 ദിവസത്തേക്കാണ് റിമാൻഡ്. തുടർന്ന്, അദ്ദേഹത്തെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
Most Read| കോടികളുടെ ആസ്‌തി; താമസം സ്‌റ്റോർ റൂമിന് സമാനമായ വീട്ടിൽ, സഞ്ചാരം സൈക്കിളിൽ