മലപ്പുറം: മുൻ എംഎൽഎ പിവി അൻവറിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പരിശോധന. അൻവറിന്റെ മലപ്പുറം ഒതായിയിലെ വീട്ടിലാണ് പരിശോധന. അൻവറിന്റെ സഹായികളുടെ വീട്ടിലും ഇഡി പരിശോധന നടത്തുന്നുണ്ട്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് സൂചന.
കെഎഫ്സി (കേരള ഫിനാൻഷ്യൽ കോർപറേഷൻ)യിൽ നിന്ന് 12 കോടി വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് വിവരം. ഇന്ന് രാവിലെയാണ് പരിശോധനയ്ക്കായി ഇഡി സംഘമെത്തിയത്. നേരത്തെ, കെഎഫ്സി വായ്പയുമായി ബന്ധപ്പെട്ട് വിജിലൻസും അൻവറിന്റെ വീട്ടിൽ പരിശോധന നടത്തിയിരുന്നു.
സ്ഥാപനത്തിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തിരിമറി നടത്തി എന്നായിരുന്നു വിജിലൻസിന് മുമ്പാകെ എത്തിയ കേസ്. പിന്നാലെ ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇഡിയുടെ പരിശോധനയെന്നാണ് സൂചന. വിദേശത്ത് നിന്നെത്തിയ സാമ്പത്തിക സഹായങ്ങളെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ഇടതുപക്ഷ ബന്ധം ഉപേക്ഷിച്ച അൻവർ ഇപ്പോൾ തൃണമൂൽ കോൺഗ്രസിലാണ്. നിലമ്പൂരിലെ എംഎൽഎ ആയിരുന്ന അൻവർ കഴിഞ്ഞ തവണ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിനോട് പരാജയപ്പെട്ടിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് അൻവർ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Most Read| ആഗ്രഹവും കഠിന പ്രയത്നവും; കിളിമഞ്ചാരോ കീഴടക്കി കാസർഗോഡുകാരി








































