മലപ്പുറം: നിലമ്പൂർ ഫോറസ്‌റ്റ് ഓഫീസ് തകർത്തതിൽ പിവി അൻവർ എംഎൽഎക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്. അൻവർ ഉൾപ്പടെ 11 ഡിഎംകെ പ്രവർത്തകർക്കെതിരെയാണ് പോലീസ് കേസെടുത്തത്. കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
കേസിൽ അൻവർ ഒന്നാം പ്രതിയാണ്. പോലീസ് ഉദ്യോഗസ്‌ഥനെ മർദ്ദിച്ചെന്നും എഫ്‌ഐആറിൽ പരാമർശമുണ്ട്. പിവി അൻവറിനെ അറസ്‌റ്റ് ചെയ്യാൻ നീക്കമുണ്ടെന്നാണ് വിവരം. എംഎൽഎയുടെ ഒതായിയിലെ വീടിന് മുന്നിൽ വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. വീടിന് മുന്നിൽ അൻവറിന്റെ അനുയായികളും തടിച്ചുകൂടിയിട്ടുണ്ട്.
എംഎൽഎ ആയതിനാൽ അൻവറിനെ സ്‌പീക്കറുടെ അനുമതിയില്ലാതെ അറസ്‌റ്റ് ചെയ്യാൻ സാധിക്കില്ല. ശനിയാഴ്‌ച രാത്രി കരുളായി ഉൾവനത്തിൽ മണി എന്ന ആദിവാസി യുവാവിനെ കാട്ടാന അടിച്ചു കൊന്ന സംഭവത്തിൽ പ്രതിഷേധിച്ചു അൻവർ എംഎൽഎയുടെ നേതൃത്വത്തിൽ അടച്ചിട്ട നിലമ്പൂർ നോർത്ത് ഡിഎഫ്ഒ ഓഫീസിന്റെ പൂട്ട് തകർത്ത് ഉള്ളിൽ കയറി സാധന സാമഗ്രികൾ നശിപ്പിച്ചിരുന്നു. ജില്ലാ ആശുപത്രിയിലെത്തി പ്രതിഷേധിക്കുകയും ചെയ്‌തിരുന്നു. തുടർന്നാണ് പോലീസ് നടപടി.
Most Read| കോടികളുടെ ആസ്‌തി; താമസം സ്‌റ്റോർ റൂമിന് സമാനമായ വീട്ടിൽ, സഞ്ചാരം സൈക്കിളിൽ







































