ദോഹ: അനുമതിയില്ലാതെ അതിർത്തിയിൽ പ്രവേശിച്ച ബഹ്‌റൈൻ ബോട്ടുകൾ ഖത്തർ തടഞ്ഞു. ഖത്തർ തീരദേശ സുരക്ഷാ വകുപ്പ് ഉദ്യോഗസ്‌ഥരാണ് ബോട്ടുകൾ തടഞ്ഞത്. ഖത്തർ സമുദ്രാതിർത്തിയിൽ ബഹ്‌റൈൻ ബോട്ടുകളെത്തിയതിന്റെ വിശദീകരണം തേടി ബഹ്‌റൈനിലെ ഓപ്പറേഷൻ റൂമുമായി ബന്ധപ്പെട്ടുവെന്ന് അധികൃതർ വ്യക്‌തമാക്കി. ഖത്തർ കോസ്‌റ്റ്സ് ആൻഡ് ബോർഡർ സെക്യൂരിറ്റി ജനറൽ ഡയറക്‌ടറാണ് വിശദീകരണം തേടിയത്.
കേന്ദ്രവുമായി ആശയവിനിമയം നഷ്‌ടമായെന്നാണ് ബോട്ടിലുള്ളവർ ഖത്തർ തീരദേശ വകുപ്പിനോട് പറഞ്ഞത്. സമുദ്രാതിർത്തിയിൽ വെച്ച് ബോട്ട് ബ്രേക്ക്ഡൗൺ ആയെന്നും ഇവർ സുരക്ഷാ വകുപ്പിനോട് പറഞ്ഞു. ബഹ്‌റൈൻ ബോട്ടിലെ ക്യാപ്‌റ്റൻ ഖത്തർ അധികൃതരോട് തിരികെ പോകാൻ അനുമതി ചോദിച്ചു. ഒപ്പമുള്ള ബോട്ടിനെയും തിരികെ പോകാൻ അനുവദിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് ബഹ്‌റൈനിലെ ഓപ്പറേഷൻ കേന്ദ്രവുമായി ബന്ധപ്പെട്ടതിനുശേഷം ബോട്ടുകൾക്ക് തിരികെ പോകാൻ അനുമതി നൽകിയെന്ന് ഖത്തർ അധികൃതർ വ്യക്‌തമാക്കി.
Read also: ‘കോവിഡ് വാക്‌സിൻ സ്വീകരിക്കില്ല, അതെന്റെ അവകാശം’; ബ്രസീൽ പ്രസിഡണ്ട്







































