
ദോഹ: രാജ്യത്തിന്റെ പരമാധികാരത്തിന് പ്രഹരമേൽപ്പിച്ച, ഇസ്രയേൽ ആക്രമണത്തിന് തിരിച്ചടി നൽകാൻ ഖത്തർ. അറബ്-ഇസ്‍ലാമിക് ഉച്ചകോടി നടത്താനാണ് ഖത്തറിന്റെ തീരുമാനം. വരുന്ന ഞായർ, തിങ്കൾ ദിവസങ്ങളിലാണ് ഉച്ചകോടി നടക്കുക. ഇസ്രയേൽ ആക്രമണത്തിൽ ദോഹയിൽ ആറുപേർ കൊല്ലപ്പെട്ടിരുന്നു.
ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ അക്രമണത്തോട് ഏത് രീതിയിൽ തിരിച്ചടിക്കണമെന്ന് തീരുമാനിക്കാനാണ് ഉച്ചകോടി. ഇസ്രയേലിനെ പ്രാദേശിക തലത്തിൽ ഒന്നിച്ച് തിരിച്ചടി നൽകണമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്‌ദുൽറഹ്‌മാൻ ബിൻ ജാസിം അൽതാനി സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മേഖലയിലെ മറ്റു പങ്കാളികളുമായി ഇസ്രയേൽ ആക്രമണ വിഷയം ചർച്ച ചെയ്‌ത് വരികയാണെന്നും അൽതാനി പറഞ്ഞു. ഖത്തറിന് നേരെയുള്ള ഇസ്രയേലിന്റെ ആക്രമണം ഭരണകൂട ഭീകരതയാണ്. ഗാസയിലെ ബന്ദികളാക്കപ്പെട്ടിരിക്കുന്ന ഇസ്രയേൽ പൗരരുടെ കാര്യത്തിലുള്ള പ്രതീക്ഷ അവസാനിച്ചു. നെതന്യാഹുവിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. രാജ്യാന്തര ക്രിമിനൽ കോടതി അന്വേഷിക്കുന്ന വ്യക്‌തിയാണ് അദ്ദേഹമെന്നും അൽതാനി കൂട്ടിച്ചേർത്തു.
Most Read| മലപ്പുറത്ത് വീട്ടിലെ പ്രസവം കുറയുന്നു; ആരോഗ്യവകുപ്പിന്റെ ക്യാംപയിന് ഫലം