ദോഹ: വീണ്ടും ആക്രമണം നടത്താൻ മടിക്കില്ലെന്ന ഇസ്രയേൽ ഭീഷണിക്ക് പിന്നാലെ പ്രതികരണവുമായി ഖത്തർ അമീർ. ഇസ്രയേൽ ഖത്തറിൽ നടത്തിയത് കാടത്തമെന്ന് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി വിമർശിച്ചു. ദോഹയിൽ ഹമാസ് നേതാക്കളെ വധിക്കാൻ ഇസ്രയേൽ നടത്തിയ ശ്രമം അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു രാജ്യാന്തര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അമീറിന്റെ പ്രതികരണം. ഇത്തരമൊരു നടപടിയിൽ തങ്ങൾ എത്രമാത്രം രോഷാകുലരാണെന്നത് പ്രകടിപ്പിക്കാൻ വാക്കുകളില്ല. ഇത് ഭരണകൂട ഭീകരതയാണെന്നും തങ്ങളെ വഞ്ചിച്ചുവെന്നും ഖത്തർ അമീർ വ്യക്‌തമാക്കി.
”ഗാസയിൽ അവശേഷിക്കുന്ന തടവുകാരുടെ ഏതെങ്കിലും തരത്തിലുള്ള പ്രതീക്ഷകളെ ഇസ്രയേലിന്റെ പ്രവർത്തനങ്ങൾ ഇല്ലാതാക്കി. ഇസ്രയേലിന്റെ പ്രവൃത്തി പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ല. ഗസയിൽ സമാധാനം കൊണ്ടുവരാമെന്ന അവസാന പ്രതീക്ഷ ഇല്ലാതാക്കി. വെടിനിർത്തൽ പ്രതീക്ഷകളും അസ്‌തമിച്ചു.
നടത്തിയത് ഭീകരപ്രവർത്തനമാണ്. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതുണ്ട്. രാജ്യാന്തര ക്രിമിനൽ കോടതി അന്വേഷിക്കുന്ന വ്യക്‌തിയാണ് അദ്ദേഹം. നെതന്യാഹുവിനെ പോലുള്ള ഒരാൾ നിയമത്തെ കുറിച്ച് പ്രസംഗിക്കാൻ ശ്രമിക്കുന്നു. അദ്ദേഹം എല്ലാ രാജ്യാന്തര നിയമങ്ങളും ലംഘിച്ചു”- ഖത്തർ അമീർ പറഞ്ഞു
ഖത്തറിൽ വീണ്ടും ആക്രമണം നടത്താൻ മടിക്കില്ലെന്ന് നെതന്യാഹു ഭീഷണിപ്പെടുത്തിയിരുന്നു. ഹമാസ് നേതാക്കളെ രാജ്യത്ത് നിന്ന് പുറത്താക്കിയില്ലെങ്കിൽ വീണ്ടും ഖത്തറിൽ ആക്രമണം നടത്തുമെന്നാണ് നെതന്യാഹുവിന്റെ ഭീഷണി. നെതന്യാഹുവിന്റെ പ്രസ്‌താവനയെ ഖത്തർ അപലപിച്ചിരുന്നു.
Most Read| നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്‌ഭുത തടാകം