ബ്രിസ്ബെയ്ൻ: ഓസ്ട്രലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ അവസാനിച്ചതിന് പിന്നാലെ ആരാധകരെ നിരാശയിലാക്കി സ്പിന്നർ രവിചന്ദ്രൻ അശ്വിന്റെ പ്രഖ്യാപനം. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി താരം പ്രഖ്യാപിച്ചു. എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുന്നുവെന്നാണ് പ്രഖ്യാപനം. ഇന്ന് സമാപിച്ച ടെസ്റ്റിൽ അശ്വിൻ കളിച്ചിരുന്നില്ല.
ഇത്തവണത്തെ ബോർഡർ-ഗാവസ്കർ ട്രോഫിയിൽ, അഡ്ലെയ്ഡിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ മാത്രമാണ് അശ്വിൻ കളിച്ചത്. ബ്രിസ്ബെയ്ൻ ടെസ്റ്റിന് ശേഷം രോഹിത് ശർമയ്ക്കൊപ്പം വാർത്താ സമ്മേളനം നടത്തിയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡുമായാണ് അശ്വിന്റെ പടിയിറക്കം.
”രാജ്യാന്തര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലും ഇന്ത്യൻ താരമെന്ന നിലയിൽ എന്റെ അവസാന ദിനമാണ് ഇന്ന്. എന്റെ ഉള്ളിലെ ക്രിക്കറ്റ് താരം ഇപ്പോഴും ബാക്കിയുണ്ടെന്ന് എനിക്കറിയാം. അത് ക്ളബ് തലത്തിൽ മാത്രമാക്കി ഒതുക്കാനാണ് എനിക്ക് താൽപര്യം”- മൽസരത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ അശ്വിൻ പറഞ്ഞു.
”ഇന്ത്യൻ താരമെന്ന നിലയിൽ രസകരമായ ഒട്ടേറെ നല്ല നിമിഷങ്ങൾ കരിയറിൽ ഉണ്ടായിരുന്നു. രോഹിത് ശർമ ഉൾപ്പടെയുള്ള താരങ്ങൾക്കൊപ്പം എക്കാലവും മനസിൽ തങ്ങി നിൽക്കുന്ന ഒട്ടെറെ മുഹൂർത്തങ്ങളുണ്ട്. അവരിൽ പലരും കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ വിരമിച്ചു. ആ പഴയ തലമുറയിൽപ്പെട്ട അവസാന ആളുകളിൽ പെടുന്നവരാണ് ഞങ്ങൾ. ഇത് എന്റെ രാജ്യാന്തര കരിയറിലെ അവസാന ദിനമായിരിക്കും”- അശ്വിൻ പറഞ്ഞു.
”ഈ ഘട്ടത്തിൽ ഒട്ടേറെപ്പേർക്ക് നന്ദി പറയേണ്ടതുണ്ട്. ബിസിസിഐയ്ക്കും സഹതാരങ്ങൾക്കും നന്ദി പറയേണ്ടത് ഈ ഘട്ടത്തിൽ അനിവാര്യമാണ്. അതിൽ കുറച്ചു പേരുടെ പേരെടുത്ത് പറയേണ്ടതുണ്ട്. രോഹിത്, കോലി, രഹാനെ, പൂജാര തുടങ്ങിയവരാണ് മികച്ച ക്യാച്ചുകളിലൂടെ എന്റെ പേരിലുള്ള വിക്കറ്റുകളിൽ ഏറെയും സമ്മാനിച്ചത്”- അശ്വിൻ പറഞ്ഞു.
106 ടെസ്റ്റുകളിൽ നിന്ന് 537 വിക്കറ്റുകളും 3503 റൺസുമായാണ് അശ്വിൻ 13 വർഷം നീണ്ട രാജ്യാന്തര കരിയറിന് തിരശീലയിടുന്നത്. ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരിൽ ഏഴാമനാണ് അശ്വിൻ. ഇന്ത്യൻ താരങ്ങളിൽ 132 ടെസ്റ്റുകളിൽ നിന്ന് 619 വിക്കറ്റ് വീഴ്ത്തിയ അനിൽ കുംബ്ളെ മാത്രമാണ് അശ്വിന് മുന്നിലുള്ളത്. 2011ൽ ഏകദിന ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീമിൽ അശ്വിനും ഉണ്ടായിരുന്നു.
ഏകദിനത്തിൽ 116 മൽസരങ്ങളും ട്വിന്റി 20യിൽ 65 മൽസരങ്ങളും ഇന്ത്യക്കായി കളിച്ച താരമാണ് അശ്വിൻ. ഏകദിനത്തിൽ 156 വിക്കറ്റുകളും ട്വിന്റി 20യിൽ 72 വിക്കറ്റുകളും നേടി. ഏകദിനത്തിൽ 63 ഇന്നിങ്സുകളിൽ നിന്ന് 16.44 ശരാശരിയിൽ 707 റൺസാണ് അശ്വിന്റെ സമ്പാദ്യം. 65 റൺസാണ് ഉയർന്ന സ്കോർ. ട്വിന്റി 20യിൽ 19 ഇന്നിങ്സുകളിൽ നിന്ന് 26.29 ശരാശരിയിൽ 184 റൺസും നേടി. ഉയർന്ന സ്കോർ 31.
Most Read| സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും






































