തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് ഡെൽഹിലേക്ക് പുറപ്പെടുന്ന ബിജെപി കൗൺസിലർമാരുടെ സംഘത്തിനൊപ്പം ആർ. ശ്രീലേഖ പോകില്ല. മൂന്നുദിവസം ട്രെയിനിൽ യാത്ര ചെയ്യാൻ ബുദ്ധിമുട്ടാണെന്നാണ് ശ്രീലേഖ നേതൃത്വത്തെ അറിയിച്ചത്.
പ്രധാനമന്ത്രി വിരുന്ന് ഒരുക്കുന്ന ദിവസം ഡെൽഹി വിമാനത്താവളത്തിൽ എത്തുമെന്നാണ് വിവരം. തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർമാർ ഇന്ന് ഉച്ചയ്ക്ക് 12.30ന് കേരള എക്സ്പ്രസിലാണ് ഡെൽഹി യാത്ര നിശ്ചയിച്ചിരിക്കുന്നത്. കൗൺസിലർമാരും മുനിസിപ്പാലിറ്റി പഞ്ചായത്ത് അധ്യക്ഷൻമാരും സംഘത്തിൽ ഉണ്ടാകും.
ഈമാസം 12നാണ് പ്രധാനമന്ത്രി ജനപ്രതിനിധികൾക്ക് വിരുന്നൊരുക്കുന്നത്. യാത്ര പുറപ്പെടുന്ന സംഘത്തിന് ട്രെയിൻ കടന്നുപോകുന്ന സംസ്ഥാനങ്ങളിൽ സ്വീകരണം നൽകും. സ്റ്റാൻഡിങ് കമ്മിറ്റി അംഗം എംആർ. ഗോപനും സംഘത്തിൽ ഉണ്ടാകില്ല. മാതാവിന്റെ ആരോഗ്യ പ്രശ്നങ്ങൾ കാരണം വരാനാകില്ലെന്ന് ബിജെപി നേതൃത്വത്തെ അറിയിച്ച ശേഷമാണ് ഗോപൻ യാത്രയിൽ നിന്ന് വിട്ടുനിൽക്കുന്ന വിവരം പ്രഖ്യാപിച്ചത്.
തിരുവനന്തപുരം കോർപറേഷനിലെ മേയർ സ്ഥാനത്തെ ചൊല്ലി ആർ. ശ്രീലേഖ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത് എത്തിയപ്പോൾ സ്റ്റേജിൽ ഒറ്റപ്പെട്ട് നിൽക്കുന്ന ശ്രീലേഖയുടെ വീഡിയോകൾ വ്യാപകമായി പ്രചരിച്ചിരുന്നു. സാമൂഹിക മാദ്ധ്യമങ്ങളിൽ അടക്കം ഇത് വലിയ ചർച്ചാ വിഷമായിരുന്നു. അതേസമയം, ഒറ്റയ്ക്ക് ഡെൽഹിയിലേക്ക് വിമാനമാർഗം യാത്രചെയ്യാൻ ശ്രീലേഖ തീരുമാനിച്ചതായാണ് വിവരം.
Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ









































