ചെന്നൈ: മലയാള സിനിമാ ചിത്രീകരണ സ്‌ഥലങ്ങളിലെ കാരവനുകളിൽ ഒളിക്യാമറ ഉപയോഗിച്ച് നടിമാരുടെ നഗ്‌നദൃശ്യങ്ങൾ പകർത്തുന്നതായുള്ള ആരോപണത്തിൽ കേസ് നൽകാനില്ലെന്ന് നടി രാധിക ശരത്കുമാർ. വെളിപ്പെടുത്തൽ പുറത്തുവന്നതിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘം രാധികയുമായി സംസാരിച്ചിരുന്നെങ്കിലും അവർ മൊഴി കൊടുക്കാനോ കേസുമായി മുന്നോട്ടുപോകാനോ തയാറല്ലെന്ന് അറിയിക്കുകയായിരുന്നു.
സെറ്റിൽ പുരുഷൻമാർ ഒന്നിച്ചിരുന്ന് മൊബൈലിൽ ഈ ദൃശ്യങ്ങൾ കാണുന്നത് താൻ നേരിട്ട് കണ്ടെന്നും രാധിക വെളിപ്പെടുത്തി. ഭയം കാരണം പിന്നീട് ലൊക്കേഷനിലെ കാരവൻ ഉപയോഗിച്ചിട്ടില്ല. തനിക്കറിയാവുന്നവരോട് ഇതേക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും രാധിക പറഞ്ഞു.
”ഏത് സിനിമയുടെ ലൊക്കേഷനെന്ന് പറയാൻ ആഗ്രഹിക്കുന്നില്ല. വീഡിയോ താൻ കണ്ടു. ബഹളം വെച്ച് ഇക്കാര്യം എല്ലാവരെയും അറിയിച്ചു. ഇത് ശരിയല്ലെന്നും ചെരുപ്പൂരി അടിക്കുമെന്നും പറഞ്ഞു. പിന്നീട് കാരവൻ ഒഴിവാക്കി, മുറി എടുക്കുകയായിരുന്നു”- രാധിക പറഞ്ഞു.
അതേസമയം, മലയാള സിനിമയിൽ സ്‌ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പുറത്തുകൊണ്ടു വന്നതിന് പിന്നിൽ വിമൻ ഇൻ സിനിമാ കളക്‌ടീവിന്റെ (ഡബ്ളുസിസി) പങ്ക് നിർണായകമാണെനും രാധിക പറഞ്ഞു. എന്നാൽ, റിപ്പോർട് സമർപ്പിച്ചിട്ടും അത് പുറത്തുവരാൻ നാല് വർഷം സമയമെടുത്തു. അതും കോടതിയുടെ ഇടപെടൽ ഉണ്ടായതിന് ശേഷം.
‘റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. മലയാള സിനിമാ വ്യവസായത്തിലെ ഉന്നതങ്ങളിലുള്ള ആളുകളുടെ പേരുകൾ വരെ പുറത്തുവന്നു. എന്റെ സിനിമാ ജീവിതത്തിൽ നിരവധിക്കാര്യങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. അത് നമ്മൾ ഇടപെട്ട് മാറ്റേണ്ടിയിരിക്കുന്നു. കാലം മാറുകയാണ്. ആളുകളുടെ സ്വഭാവത്തിലും മാറ്റങ്ങൾ വന്നു. വിദ്യാഭ്യാസവും ജീവിത സാഹചര്യങ്ങളും മാറി. ഇതിനെ നമ്മൾ എങ്ങനെ അഭിമുഖീകരിക്കുന്നു എന്നതാണ് പ്രധാനം’- രാധിക കൂട്ടിച്ചേർത്തു.
Most Read| ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് തീയതി മാറ്റി; വോട്ടെടുപ്പ് ഒക്‌ടോബർ അഞ്ചിന്