കോഴിക്കോട്: റാഗിങ് കേസിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ട് പിജി ഡോക്‌ടർമാർക്ക് സസ്‌പെൻഷൻ. പിജി ഡോക്‌ടർമാരായ ജെഎച്ച് മുഹമ്മദ് സാജിദ്, ഹരിഹരൻ എന്നിവർക്കെതിരെയാണ് അധികൃതർ നടപടി സ്വീകരിച്ചത്. മെഡിക്കൽ കോളേജിലെ ജൂനിയർ വിദ്യാർഥിയെ റാഗ് ചെയ്‌ത സംഭവത്തിലാണ് ഇരുവരെയും സസ്‌പെൻഡ് ചെയ്‌തത്.
ഒന്നാം വർഷ പിജി വിദ്യാർഥിയെ മാനസികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. സംഭവത്തിന് ശേഷം ജൂനിയർ വിദ്യാർഥി കോളേജിലെ റാഗിങ് കമ്മിറ്റിയിൽ പരാതി നൽകുകയായിരുന്നു. പിന്നാലെ ആഭ്യന്തര തലത്തിൽ റാഗിങ് കമ്മിറ്റി നടത്തിയ അന്വേഷണത്തിലാണ് സീനിയർ വിദ്യാർഥികൾക്കെതിരായ കുറ്റം തെളിഞ്ഞത്. കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പലാണ് ഇരുവരെയും സസ്‌പെൻഡ് ചെയ്‌തത്.
കോളേജ് ഹോസ്‌റ്റലിൽ നിന്ന് ഒഴിയണമെന്നും കോളേജിലെ പ്രവർത്തനങ്ങളിൽ പങ്കെടുക്കരുതെന്നും വിദ്യാർഥികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടില്ലെങ്കിലും സിഐ കോളേജ് പ്രിൻസിപ്പലിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. ജൂനിയർ വിദ്യാർഥിയുടെ പരാതി സ്‌റ്റേഷനിലേക്ക് കൈമാറണമെന്നും സിഐ ആവശ്യപ്പെട്ടിട്ടുണ്ട്.
Most Read: ടിക്കറ്റ് ചാർജ് വർധന; ബസുടമകളുടെ ആവശ്യം ന്യായമെന്ന് മന്ത്രി