തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാൽസംഗ പരാതി നൽകിയ യുവതിയെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും അവരെ തിരിച്ചറിയാൻ കഴിയുംവിധം ചിത്രങ്ങളും വിവരങ്ങളും പുറത്തുവിടുകയും ചെയ്‌തെന്ന കേസിൽ റിമാൻഡിലായ രാഹുൽ ഈശ്വർ ജയിലിൽ നിരാഹാര സമരം തുടങ്ങി.
ഇന്നലെ രാത്രി മുതൽ ഭക്ഷണം ഒഴിവാക്കിയതായി പൂജപ്പുര ജയിൽ അധികൃതർ പറയുന്നു. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തത്. രാഹുൽ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിയായിരുന്നു നടപടി. യുവതിയുടെ ചിത്രങ്ങളും മറ്റു വിവരങ്ങളും സാമൂഹിക മാദ്ധ്യമത്തിൽ രാഹുൽ പങ്കുവെച്ചെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
രാഹുലിന്റെ ലാപ്ടോപ്പിൽ ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും കണ്ടെത്തി. പൗഡിക്കോണത്തെ വീട്ടിൽ ഇന്നലെ നടത്തിയ തെളിവെടുപ്പിലാണ് ലാപ്ടോപ്പ് പിടിച്ചെടുത്തത്. രാഹുലിനെതിരെ മുൻപും പല കേസുകൾ ഉണ്ടായിട്ടുണ്ടെന്നും കുറ്റകൃത്യങ്ങൾ ഇനിയും ആവർത്തിക്കാനും ഒളിവിൽ പോകാനും സാധ്യതയുള്ളതിനാൽ അറസ്‌റ്റ് അനിവാര്യമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.
നോട്ടീസ് പോലും നൽകാതെ അറസ്‌റ്റ് ചെയ്‌ത നടപടി നിയമവിരുദ്ധമാണെന്നും യുവതിയുടെ ചിത്രം ഒരിടത്തും പങ്കുവെച്ചിട്ടില്ലെന്നും രാഹുൽ വാദിച്ചു. രാഹുൽ ഈശ്വർ, കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ എന്നിവരടക്കം അഞ്ചുപേർക്കെതിരെയാണ് കേസെടുത്തത്. അഞ്ചാം പ്രതിയാണ് രാഹുൽ. നാലാം പ്രതി സന്ദീപ് വാര്യർ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.
Most Read| ബോണക്കാട് വനത്തിൽ കാണാതായ മൂന്ന് ഉദ്യോഗസ്‌ഥരെയും കണ്ടെത്തി







































