ബിഹാര്‍: ബിജെപിക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി. ബിജെപിയുടെ നേട്ടത്തിനായി വോട്ടുകൾ മോഷ്‌ടിക്കപ്പെട്ടുവെന്നതിന് ധാരാളം തെളിവുകൾ ഞാൻ പുറത്തുവിട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബിഹാറിൽ വോട്ടർ അധികാർ യാത്രയുടെ ഭാഗമായ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
”നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ മുതലാണ് ബിജെപി ജനങ്ങളുടെ വോട്ടുകൾ മോഷ്‌ടിക്കാൻ തുടങ്ങിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായത്തോടെ വോട്ടുകൾ മോഷ്‌ടിച്ചാണ് ബിജെപിയും മോദിയും അമിത് ഷായും തിരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നത്.
ജീവിച്ചിരിക്കുന്ന നിരവധി ആളുകൾ മരിച്ചതായി കാണിച്ച് അവരുടെ വോട്ട് ഇവർ റദ്ദ് ചെയ്‌തു. ധനികരുടെയല്ല, ദളിതരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും പേരുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം ചെയ്യുന്നത്. കേന്ദ്രം ഭരിക്കുന്ന ബിജെപി സാധാരണക്കാരുടെ ശബ്‌ദം കേൾക്കാൻ ആഗ്രഹിക്കാത്തതിനാലാണ് ഇങ്ങനെ ചെയ്യുന്നത്”- രാഹുൽ ഗാന്ധി പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യ-പാക്ക് സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദവും രാഹുൽ പ്രസംഗത്തിൽ പരാമർശിച്ചു. ”ട്രംപ് ഇന്ന് എന്താണ് പറഞ്ഞതെന്ന് നിങ്ങൾക്കറിയാമോ? പാക്കിസ്‌ഥാനുമായുള്ള സംഘർഷം നടന്നപ്പോൾ ട്രംപ് മോദിയെ വിളിച്ച് 24 മണിക്കൂറിനുള്ളിൽ പോരാട്ടം നിർത്താൻ പറഞ്ഞു. മോദി അത് ഉടനടി അനുസരിച്ചു.
ട്രംപ് എന്താണ് പറഞ്ഞതെന്ന് മാദ്ധ്യമങ്ങൾ നിങ്ങളെ കാണിക്കില്ല. കാരണം, അവർ മോദിയെയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ വ്യവസായ പ്രമുഖരെയും മാത്രമേ ശ്രദ്ധിക്കുന്നുള്ളൂ. എന്നെയും സ്‌റ്റാലിനെയും തേജസ്വിയെയും പോലുള്ളവരെ ശ്രദ്ധിക്കില്ല”- രാഹുൽ പറഞ്ഞു.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ