ന്യൂഡെൽഹി: അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ജാമ്യം. ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. 2023ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് മുഖ്യധാരാ മാദ്ധ്യമങ്ങളിൽ ബിജെപിക്കെതിരെ അപമാനകരമായ പരസ്യം നൽകിയെന്ന ബിജെപി നേതാവ് കേശവ് പ്രസാദിന്റെ പരാതിയിലായിരുന്നു കേസ്.
’40 ശതമാനം കമ്മീഷൻ വാങ്ങുന്ന സർക്കാരെന്ന’ തലക്കെട്ടിലാണ് ബിജെപിക്കെതിരെ മാദ്ധ്യമങ്ങളിൽ പരസ്യം നൽകിയത്. 2023 മേയ് അഞ്ചിനാണ് ഈ പരസ്യം പത്രങ്ങളിൽ വന്നത്. കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും പ്രതികളാണ്. നിയമസഭാ തിരഞ്ഞെടുപ്പിനിടെ കർണാടകയിലെ ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെതിരെയായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം.
സിദ്ധാരാമയ്യക്കും ഡികെ ശിവകുമാറിനും ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. അന്ന് രാഹുൽ ഹാജരാകാതിരുന്നതിനാലാണ് ഏഴിന് ഹാജരാകാൻ സമൻസ് അയച്ചത്. തുടർന്നാണ് ഇന്ന് രാവിലെ ബെംഗളൂരുവിലെ പ്രത്യേക കോടതിയിൽ രാഹുൽ ഹാജരായത്. കേസ് ജൂലൈ 30ന് കോടതി വീണ്ടും പരിഗണിക്കും.
Most Read| ഷാഫി പറമ്പിലിന്റെ റോഡ് ഷോയിൽ വനിതാ ലീഗിന് വിലക്ക്