കോഴിക്കോട്: യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോടെത്തും. വൈകീട്ട് 4.30ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മഹാറാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ യുഡിഎഫ് സ്‌ഥാനാർഥികളുടെ പ്രചാരണവുമായി ബന്ധപ്പെട്ടാണ് മഹാറാലി.
സംസ്‌ഥാനത്ത് യുഡിഎഫിന്റെ ഔദ്യോഗിക പ്രചാരണ പരിപാടികളുടെ തുടക്കമാണിത്. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ അടങ്ങിയ ഗ്യാരണ്ടി കാർഡ് രാഹുൽ അവതരിപ്പിക്കും. യുഡിഎഫിന്റെ സംസ്‌ഥാനതല പ്രചാരണത്തിന് തയ്യാറാക്കിയ ബസും അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്യും. യുഡിഎഫ് സംസ്‌ഥാന നേതാക്കളും വേദിയിലെത്തും.
മഹാറാലിക്ക് ശേഷം കോഴിക്കോട് വിമാനത്താവളത്തിലേക്ക് പ്രത്യേക ബസിലാണ് രാഹുലിന്റെ മടക്കം. രാഹുലിനൊപ്പം ആരോഗ്യ മേഖലയിലെ താളപ്പിഴകളുടെ ഇരയായ കെകെ. ഹർഷിനേയും ഉണ്ടാകുമെന്ന് ഡിസിസി പ്രസിഡണ്ട് കെ.പ്രവീൺ കുമാർ അറിയിച്ചു. മഹാറാലിക്കായി പ്രത്യേക വിമാനത്തിൽ വൈകീട്ട് മൂന്നുമണിയോടെയാണ് രാഹുൽ കരിപ്പൂരിലെത്തുക.
നഗരത്തിൽ ഇന്ന് ഉച്ച മുതൽ ഗതാഗത നിയന്ത്രണം
യുഡിഎഫ് മഹാറാലി കണക്കിലെടുത്ത് ഉച്ചയ്‌ക്ക് രണ്ടിന് ശേഷം ബീച്ചിൽ കൂടെയുള്ള വാഹനഗതാഗതം നിയന്ത്രിക്കും. ഒരാൾ മാത്രമായി യാത്ര ചെയ്യുന്ന നാല് ചക്രവാഹനങ്ങൾ നഗരത്തിന് പുറത്ത് പാർക്ക് ചെയ്യണം. കണ്ണൂർ റോഡ്, രാജാജി റോഡ്, മാവൂർ റോഡ്, പുതിയറ റോഡ്, മീഞ്ചന്ത ബൈപ്പാസ്, എരഞ്ഞിപ്പാലം, ബൈപ്പാസ് റോഡ്, വയനാട് റോഡ് എന്നിവിടങ്ങളിൽ പാർക്കിങ് നിരോധിച്ചു.
Most Read| വിയർത്ത് കുളിച്ച് കേരളം; 12 ജില്ലകളിൽ യെല്ലോ അലർട്






































