ന്യൂഡെൽഹി: വോട്ടർ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി വീണ്ടും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജനാധിപത്യത്തെ തകർക്കുന്നവരെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ സംരക്ഷിക്കുന്നുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
ഐഐസിസി ആസ്‌ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാഹുലിന്റെ ആരോപണങ്ങൾ. വോട്ടുകൊള്ള നടത്തുന്നവരെ സഹായിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്യുന്നത്. വോട്ടുകൊള്ളയ്‌ക്ക് 101 ശതമാനം തെളിവുണ്ടെന്ന് രാഹുൽ പറഞ്ഞു.
കർണാടകയിലെ അലന്ദ് മണ്ഡലത്തിൽ കോൺഗ്രസിന് വോട്ട് ചെയ്യുന്ന 6018 വോട്ടർമാരെ ആസൂത്രിതമായി നീക്കിയെന്ന് പറഞ്ഞ രാഹുൽ വോട്ട് നഷ്‌ടപ്പെട്ടവരെ വേദിയിലെത്തിക്കുകയും ചെയ്‌തു. വോട്ടുകൊള്ളയിൽ അന്വേഷണത്തിനായി മുഴുവൻ വിവരങ്ങളും നൽകാൻ തിരഞ്ഞടുപ്പ് കമ്മീഷന് കർണാടക സിഐഡി നിരവധി തവണ കത്ത് നൽകി.
എന്നാൽ, തിരഞ്ഞെടുപ്പ് കമ്മീഷൻ വിവരം നൽകിയില്ല. കർണാടകയിലെ വിവരം ഒരാഴ്‌ചയ്‌ക്കകം തിരഞ്ഞെടുപ്പ് കമ്മീഷൻ സിഐഡിക്ക് നൽകണമെന്നും രാഹുൽ പറഞ്ഞു. മഹാരാഷ്‌ട്രയിലെ രജൂര മണ്ഡലത്തിൽ 6850 വ്യാജ വോട്ടുകളാണ് ചേർത്തത്. കർണാടകയിലെ അലന്ദ് മണ്ഡലത്തിൽ ഒഴിവാക്കലാണ് നടന്നതെങ്കിൽ മഹാരാഷ്‌ട്രയിലെ രജൂരയിൽ കൂട്ടിച്ചേർക്കലാണ് നടന്നത്.
പല പേരുകളിലും നമ്പറുകളിലുമായി കൃത്യമല്ലാതെയാണ് കൂട്ടിച്ചേർക്കപ്പെട്ടവരുടെ വിവരമുള്ളത്. വ്യാജ ലോഗിൻ ഉപയോഗിച്ചാണ് തട്ടിപ്പ് നടക്കുന്നത്. പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതും കൂട്ടിച്ചേർക്കുന്നതും വോട്ടർമാർ അറിയുന്നില്ലെന്നും രാഹുൽ ആരോപിച്ചു.
Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി