ന്യൂഡെൽഹി: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പരാമർശം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദ്യമുയർത്തി രാഹുൽ ഗാന്ധി. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ നടന്ന ഇന്ത്യ-പാക്ക് സംഘർഷത്തിൽ അഞ്ച് ജെറ്റ് വിമാനങ്ങൾ വെടിവെച്ചിട്ടെന്നായിരുന്നു ട്രംപിന്റെ പ്രസ്‌താവന.
എന്നാൽ, ഏത് രാജ്യത്തിന്റെ വിമാനങ്ങളാണ് വെടിവെച്ചിട്ടതെന്ന് ട്രംപ് വ്യക്‌തമാക്കിയില്ലെങ്കിലും പരാമർശത്തിന് പിന്നിലെ സത്യമെന്തെന്നാണ് രാഹുൽ ചോദിക്കുന്നത്. ”മോദി ജീ, ട്രംപ് പറഞ്ഞ അഞ്ച് വിമാനങ്ങളെ കുറിച്ചുള്ള സത്യം എന്ത്? രാജ്യത്തിന് അറിയാനുള്ള അവകാശമുണ്ട്”- രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.
വൈറ്റ് ഹൗസിൽ റിപ്പബ്ളിക്കൻ നിയമസഭാ അംഗങ്ങൾക്കൊപ്പമുള്ള സ്വകാര്യ അത്താഴവിരുന്നിലായിരുന്നു ട്രംപിന്റെ പരാമർശം. ”ഞങ്ങൾ കുറേ യുദ്ധം അവസാനിപ്പിച്ചിട്ടുണ്ട്. ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിലുള്ള പ്രശ്‌നം ഗുരുതരമായിരുന്നു. വിമാനങ്ങൾ വെടിവെച്ചിടുകയായിരുന്നു. യഥാർഥത്തിൽ അഞ്ച് ജെറ്റുകൾ വെടിവെച്ചിട്ടെന്നാണ് തോന്നുന്നത്. രണ്ടും ആണവ രാജ്യങ്ങളാണ്. അവർ പരസ്‌പരം ഏറ്റുമുട്ടുകയായിരുന്നു.
പുതിയ യുദ്ധമുഖം തുറക്കുന്നുവെന്നാണ് കരുതിയത്. ഇറാനിൽ നമ്മൾ എന്താണ് ചെയ്‌തതെന്ന് കണ്ടതല്ലേ. അവിടെ നമ്മൾ അവരുടെ ആണവശേഷി തകർത്തു. പക്ഷേ, ഇന്ത്യയും പാക്കിസ്‌ഥാനും സംഘർഷവുമായി മുന്നോട്ട് പോവുകയായിരുന്നു. ഒടുവിൽ വ്യാപാര കരാർ മുൻനിർത്തി ഞങ്ങൾ അത് പരിഹരിച്ചു. നിങ്ങൾ ആണവായുധങ്ങൾ കൊണ്ട് പരസ്‌പരം ഏറ്റുമുട്ടാൻ ഒരുങ്ങുകയാണെങ്കിൽ വ്യാപാര കരാർ ഉണ്ടാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് ഇരുവരെയും അറിയിച്ചു.”- എന്നാണ് ട്രംപ് പറഞ്ഞത്.
Most Read| മദ്യപിച്ചില്ല, ഊതിക്കലിൽ ‘ഫിറ്റാ’യി കെഎസ്ആർടിസി ഡ്രൈവർ; പ്രതി തേൻവരിക്ക!