ന്യൂഡെൽഹി: ലോക്‌സഭയിൽ കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രിയെയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യ-യുഎസ് കരാറിനെതിരെയും വിമർശനം ഉയർത്തി. ട്രംപിന് മുന്നിൽ കേന്ദ്രം കീഴടങ്ങിയെന്നും, സമ്മർദ്ദത്തിന് വഴങ്ങിയാണ് ഇന്ത്യ കരാറിൽ ഒപ്പിട്ടതെന്നുമാണ് രാഹുൽ ഗാന്ധിയുടെ ആരോപണം.
”ലോക്‌സഭയിൽ ബജറ്റ് ചർച്ചയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. യുഎസുമായുള്ള വ്യാപാരക്കരാർ സമ്പൂർണ പരാജയമാണ്. അമേരിക്കയ്‌ക്ക് ലോകശക്‌തിയായി നിലനിൽക്കാൻ ഇന്ത്യ ഡാറ്റ അനിവാര്യമാണ്. ഡാറ്റ വേണമെങ്കിൽ ഇന്ത്യക്കാരെ തുല്യരായി കാണണമെന്ന് ട്രംപിനോട് പറയണം. അമേരിക്ക കർഷകരെ സംരക്ഷിക്കുന്നതുപോലെ ഞങ്ങളും കർഷകരെ സംരക്ഷിക്കുമെന്ന് ട്രംപിനോട് പറയണം”- രാഹുൽ പറഞ്ഞു.
നിങ്ങളൊരു വ്യാപാരക്കരാർ ഉണ്ടാക്കിയിരിക്കുന്നു. നിങ്ങൾ ഇന്ത്യയെ വിറ്റു, നമ്മുടെ അമ്മയെയാണ് നിങ്ങൾ വിറ്റത്. നിങ്ങൾക്ക് ലജ്‌ജ തോന്നുന്നില്ലേ? എന്തുകൊണ്ട് ഇന്ത്യ-യുഎസ് വ്യാപാരക്കാർ ഉണ്ടാക്കി ഇന്ത്യയുടെ കാർഷിക രംഗം പൂർണമായി തുറന്നുകൊടുക്കുന്നു? ഇന്ത്യയുടെ ഊർജ സുരക്ഷ പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ള കരാറിന് പ്രധാനമന്ത്രി വഴങ്ങിയത് എന്തുകൊണ്ടാണ്? എപ്‌സ്‌റ്റീൻ ഫയലുകളാണ് ഇത്തരത്തിൽ ഒരു കരാറിന് പിന്നിലെന്നും രാഹുൽ ആരോപിച്ചു.
പ്രധാനമന്ത്രിയുടെ കണ്ണിൽ ഭയം നിഴലിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കൈകൾ കെട്ടിവച്ചിരിക്കുകയാണ്. എപ്‌സ്‌റ്റീൻ കേസിൽ മൂന്ന് മില്യൺ ഫയലുകൾ പുറത്തുവരാനുണ്ട്. ഫയലിൽ പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയുടെയും അനിൽ അംബാനിയുടേയുമൊക്കെ പേരുകളുണ്ടെന്നും രാഹുൽ ആരോപിച്ചു. ഇതോടെ, സഭയിൽ വ്യാപക പ്രതിഷേധം ഉണ്ടായി.
വിഷയം സഭയിൽ ഉന്നയിക്കാൻ സാധിക്കില്ലെന്ന് സഭാ അധ്യക്ഷൻ രാഹുലിനോട് പറഞ്ഞു. പേര് ഉന്നയിച്ചുള്ള ആരോപണങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് രാഹുൽ പേര് ഒഴിവാക്കി വിഷയം അവതരിപ്പിച്ചെങ്കിലും ഭരണപക്ഷം ഇതിനെയും എതിർത്തു. തെളിവുകളില്ലാതെ ആരോപണങ്ങൾ ഉന്നയിക്കരുതെന്നും തെളിവുകൾ സഭയിൽ വെക്കണമെന്നും ഭരണപക്ഷം ആവശ്യപ്പെട്ടു.
Most Read| പാമ്പുകൾക്ക് സ്വൈര്യവിഹാരം, വീടുകളിൽ കയറിയിറങ്ങും, ആർക്കും പേടിയില്ല!



































