കല്‍പ്പറ്റ: വിവാദങ്ങള്‍ക്കിടെ രാഹുല്‍ ഗാന്ധി എംപി നാളെ വയനാട്ടിലെത്തും. തിങ്കളാഴ്‌ച രാവിലെ 11.30ന് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തുന്ന എംപി, ഉച്ചക്ക് 12.30 ഓടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മലപ്പുറം കളക്‌ടറുമായി യോഗം ചേരും. യോഗത്തിന് ശേഷം കവളപ്പാറ ദുരന്തത്തില്‍ വീട് നഷ്‌ടപ്പെട്ട സഹോദരിമാരായ കാവ്യക്കും കാര്‍ത്തികക്കും എഐസിസി നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ദാനവും നടക്കും. അതിനുശേഷം രാഹുല്‍ വയനാട്ടിലേക്ക് പുറപ്പെടുമെന്ന് ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ് മലബാര്‍ ന്യൂസിനോട് പറഞ്ഞു.
വയനാട്ടില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ ഉല്‍ഘാടനത്തിന് രാഹുല്‍ ഗാന്ധിക്ക് അനുമതി നിഷേധിച്ചത് വന്‍ രാഷ്‍ട്രീയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. അതിനിടയിലാണ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ കേരളത്തിലെത്തുന്നത്. എന്നാല്‍ രാഷ്‍ട്രീയ വിഷയങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇട നല്‍കാതെ വികസന പദ്ധതികള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കിയായിരിക്കും രാഹുലിന്റെ സന്ദര്‍ശനം.
മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ആശുപത്രികളിലെ അടിസ്‌ഥാന സൗകര്യങ്ങള്‍ തുടങ്ങിയവ വിലയിരുത്തുക എന്നതാണ് എംപിയുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് എ.പി. അനില്‍ കുമാര്‍ എംഎല്‍എ പറഞ്ഞു.
മലപ്പുറത്തെയും വയനാട്ടിലെയും സന്ദര്‍ശന ദിവസങ്ങളില്‍ മറ്റു പരിപാടികളൊന്നും രാഹുല്‍ ഗാന്ധി ഏറ്റെടുത്തിട്ടില്ല. വയനാട് ജില്ലയിലെ മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് വയനാട് ലോകസഭാ നിയോജകമണ്ഡലം.
Read also: രാഹുൽഗാന്ധിയുടെ ഹൃദയം കണ്ടു കാവ്യയെയും കാര്‍ത്തികയെയും; സ്വപ്‌നം സഫലമായി







































