ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. ഇന്ന് രാവിലെ 11 മണിയോടെ ഇഡി ഓഫീസിൽ എത്താനാണ് രാഹുൽ ഗാന്ധിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇന്നലെ 9 മണിക്കൂറോളമാണ് രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്‌തത്. കൂടാതെ ഇന്നും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തുമെന്നാണ് വ്യക്‌തമാകുന്നത്.
കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിന് നടുവിലൂടെയാണ് ഇഡിക്ക് മുൻപിൽ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ഹാജരായത്. രാഹുൽ ഗാന്ധിക്കൊപ്പം ഇഡി ഓഫിസിലേക്ക് കോൺഗ്രസ് നേതാക്കൾ മാർച്ച് നടത്താൻ നീക്കം നടത്തിയെങ്കിലും ഡെൽഹി പോലീസ് ആ നീക്കം തടഞ്ഞു. രാവിലെ 7 മണിയോടെ എഐസിസി ആസ്‌ഥാനത്തും ഇഡി ഓഫിസ് പരിസരത്തും നിരോധനാജ്‌ഞ പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു.
പ്രതിഷേധം നടത്തിയതിനെ തുടർന്ന് പോലീസ് കസ്‌റ്റഡിയിൽ എടുത്ത മുതിർന്ന നേതാക്കൾ ഉൾപ്പടെയുള്ള കോൺഗ്രസ് പ്രവർത്തകരെ 10 മണിക്കൂറിന് ശേഷം അർധരാത്രിയോടെയാണ് വിട്ടയച്ചത്. കെസി വേണുഗോപാൽ, പി ചിദംബരം ഉൾപ്പടെയുള്ള നേതാക്കളാണ് ഇഡി ഓഫിസിന് മുന്നിലെത്തിയത്. രാഹുൽ ഗാന്ധി എത്ര സമയം ഇഡി ഓഫീസിൽ തുടരുന്നോ അത്രയും സമയം പ്രവർത്തകരും പുറത്ത് പ്രതിഷേധവുമായി ഉണ്ടാകുമെന്നാണ് നേതാക്കൾ വ്യക്‌തമാക്കുന്നത്.
Read also: അനുമതി ഇല്ലാതെ പ്രകടനം; ടി സിദ്ദിഖിനെതിരെ കേസ്