കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കോഴിക്കോട് മാനാഞ്ചിറയിലെ ട്രഷറി ഓഫിസ് വെള്ളത്തിലായി. അടിയിൽ നിന്ന് ഉറവ വന്നതോടെയാണ് വെള്ളം ഓഫിസിന്റെ ഉള്ളിലേക്ക് കടന്നത്. ജീവനക്കാർ വെള്ളം കളയാനുള്ള ശ്രമം നടത്തിയെങ്കിലും കനത്ത മഴ തുടരുന്നതിനാൽ ശുചീകരണ പ്രവർത്തനം ദുഷ്‌ക്കരമാക്കി.
സ്‌റ്റാമ്പ് പേപ്പറുകൾ അടക്കമുള്ള വില കൂടിയ സാധനങ്ങൾ നേരത്തെ തന്നെ സുരക്ഷിതമാക്കി വെച്ചിരുന്നതിനാൽ വലിയ തോതിലുള്ള നാശനഷ്‌ടങ്ങൾ ഒഴിവാക്കി. വെള്ളം കയറിയ സാഹചര്യത്തിൽ ഓഫിസ് പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്. അതേസമയം, പുതിയ ട്രഷറി കെട്ടിടത്തിനായുള്ള നടപടികൾ പുരോഗമിക്കുന്നുണ്ടെങ്കിലും കെട്ടിടം എത്രയും പെട്ടെന്ന് യാഥാർഥ്യമാക്കണമെന്നാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്.
ജില്ലയിൽ ഇന്നലെ മുതൽ തുടങ്ങിയ മഴ കനത്തിരിക്കുകയാണ്. നഗരത്തിലെ റോഡുകള്‍ പൂര്‍ണമായും വെള്ളത്തിലായി. പലയിടങ്ങളിലും മുട്ടോളം വെള്ളം കയറി. മാവൂര്‍ റോഡില്‍ വെള്ളക്കെട്ട് ഉണ്ടായതോടെ ഗതാഗതം സ്‌തംഭിച്ചു. ചിന്താവളപ്പില്‍ മതിലിടിഞ്ഞു. ബീച്ച് റോഡും മൂന്നാലിങ്കല്‍ ഭാഗത്തും വലിയ വെള്ളക്കെട്ടാണുള്ളത്. മുണ്ടിക്കല്‍ താഴവും തടമ്പാട്ട് താഴത്തുമെല്ലാം വെള്ളത്തിനടിയിലായി.
Most Read: ‘മോദി സർക്കാർ മനുഷ്യാവകാശങ്ങള്‍ സംരക്ഷിച്ചു’; മോദിയെ പുകഴ്‌ത്തി അമിത് ഷാ







































