ന്യൂഡെൽഹി: രാജ്യത്തെ പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ആക്കി ഉയർത്തുന്നതിനുള്ള വിവാഹപ്രായ ഏകീകരണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. ബിൽ അവതരണത്തെ എതിർത്ത് സഭയിൽ പ്രതിപക്ഷ പ്രതിഷേധവും അരങ്ങേറുന്നുണ്ട്.
വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി സമൃതി ഇറാനിയാണ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. പ്രതിപക്ഷ പാർട്ടികളുടെ ശക്‌തമായ എതിർപ്പിനെ വകവെക്കാതെയാണ് കേന്ദ്രം ബില്ലുമായി മുന്നോട്ട് പോകുന്നത്.
ബില്ലിനെതിരെ പ്രതിപക്ഷ അംഗങ്ങൾ പ്ളക്കാർഡുകളുമായി സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ആരുമായും കൂടിയാലോചിക്കാതെയാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു നീക്കം നടത്തിയതെന്നും സംസ്‌ഥാനങ്ങളുമായും പ്രതിപക്ഷ പാർട്ടികളുമായും ചർച്ച വേണം എന്നുമാണ് പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം.
കഴിഞ്ഞ ബുധനാഴ്‌ചയാണ് പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. ഇതിന് പിന്നാലെ വിവിധ രാഷ്‌ട്രീയ കക്ഷികൾ പ്രതിഷേധവും എതിർപ്പും അറിയിച്ചിരുന്നു.
വിവാഹപ്രായം 21ലേക്ക് ഉയർത്തുന്ന നിയമം എല്ലാ സമുദായങ്ങൾക്കും ബാധകമായിരിക്കും. വിവാഹ പ്രായം ഉയർത്തുമ്പോൾ രാജ്യത്തെ ഏഴ് വിവാഹ നിയമങ്ങളിൽ ഭേദഗതി വരുത്തേണ്ടി വരും.
ഹിന്ദു, ക്രിസ്‌ത്യൻ, പാഴ്സി വിവാഹ നിയമങ്ങൾ മാറും. മുസ്‌ലിം ശരിഅത്ത് വ്യവസ്‌ഥക്കും മുകളിലാകും നിയമം. ബാലവിവാഹ നിരോധന നിയമത്തിൽ ഇത് എഴുതിച്ചേർക്കും. ക്രിസ്‌ത്യൻ വിവാഹ നിയമം, പാഴ്സി വിവാഹ നിയമം, ഹിന്ദു വിവാഹ നിയമം, സ്‌പെഷ്യൽ മാരേജ് ആക്‌ട്, ഹിന്ദു മൈനോരിറ്റി ആൻഡ് ഗാർഡിയൻ ഷിപ്പ് ആക്‌ട് – 1956, ഫോറിൻ മാരേജ് ആക്‌ട്, ബാല വിവാഹ നിരോധന നിയമം അടക്കം 7 നിയമങ്ങളാണ് മാറ്റേണ്ടിവരിക.
Most Read: 2014ന് മുൻപ് കേട്ടുകേൾവി പോലുമില്ലാത്ത കാര്യമായിരുന്നു ആൾക്കൂട്ടക്കൊല; രാഹുൽ







































