കോട്ടയം: രാജിവെച്ച രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് തന്നെ നൽകാൻ ഇടതുമുന്നണി തീരുമാനിച്ചു. സിപിഎം നേതൃത്വം ഘടക കക്ഷികളുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്. ഘടകകക്ഷികളുടെ സീറ്റ് സിപിഎം ഏറ്റെടുക്കുന്നത് ഉചിതമല്ലെന്നും നേതൃത്വം വിലയിരുത്തി.
ജോസ് കെ മാണിയുടെ മുന്നണി പ്രവേശത്തിന് സിപിഎമ്മുമായി ഉണ്ടായിരുന്ന ധാരണ പാലാ സീറ്റിന് പകരം രാജ്യസഭ സിപിഎമ്മിന് എന്നതായിരുന്നു. എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയം കൊയ്‌തതോടെ രാജ്യസഭാ സീറ്റ് നിലനിർത്തണമെന്ന് ജോസ് കെ മാണി സിപിഎം നേതൃത്വത്തോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനെ തുടർന്നാണ് സിപിഎം ഘടക കക്ഷികളുമായി ആശയവിനിമയം നടത്തിയത്.
കൊണ്ടുവന്ന സീറ്റ് അവർക്ക് തന്നെ കൊടുക്കണം എന്നാണ് സിപിഐ നിലപാട്. എംവി ശ്രയാംസ് കുമാറിന് സീറ്റ് നൽകുകയും കോൺഗ്രസിന്റെ സീറ്റ് സിപിഎം എടുക്കുകയും ചെയ്യുന്നത് ഉചിതമല്ലെന്നും സിപിഐ മുന്നണി നേതൃത്വത്തോട് വ്യക്‌തമാക്കി. രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് നൽകുന്നതിൽ എൻസിപിയും എതിർപ്പ് പ്രകടിപ്പിച്ചില്ല.
സീറ്റ് സിപിഎം ഏറ്റെടുക്കുന്നതിൽ മറ്റ് ഘടക കക്ഷികൾക്കും വിയോജിപ്പുണ്ട്. ജോസ് മുന്നണിയിലേക്ക് എത്തിയ സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും മൂന്നാമത്തെ വലിയ കക്ഷി എന്ന നിലയിൽ പരിഗണന കൊടുക്കേണ്ടി വരുമെന്നും സിപിഎം വിലയിരുത്തി. കൂടാതെ, പാർട്ടി ചിഹ്‌നം ഉൾപ്പടെ നേടിയ ജോസ് കെ മാണിയിൽ നിന്ന് സീറ്റ് പിടിച്ചെടുക്കുന്നത് ഉചിതമല്ലെന്നും പൊതുഅഭിപ്രായമുണ്ട്. സീറ്റ് ജോസിന് വിട്ടുകൊടുക്കുന്നതിന് പിന്നിൽ എൻസിപിയിലെ പ്രശ്‌നം പരിഹരിക്കാനുള്ള ചില നീക്കങ്ങളും ഉണ്ടെന്ന് സിപിഎം കേന്ദ്രങ്ങൾ വ്യക്‌തമാക്കി.
Also Read: വാക്‌സിനേഷൻ ആദ്യഘട്ടം; 665 ഉദ്യോഗസ്‌ഥർക്ക് ചുമതല