ഡെൽഹി: കർഷക സമര ഭൂമിയിൽ ഇന്ന് നടക്കുന്ന കരിദിനാചരണത്തിന്റെ ഭാഗമായി കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് കർഷക സമര നേതാവ് രാകേഷ് ടിക്കായത്ത്. കോവിഡ് വ്യാപനത്തിന് കാരണം കർഷകരാണെന്ന നുണ പ്രചരിപ്പിക്കുന്നുവെന്നും ഇത് കേന്ദ്രസർക്കാരിന്റെ പരാജയം മറച്ചുവെക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
കർഷക സമര ഭൂമികളിൽ വാക്‌സിൻ നൽകണമെന്ന അഭ്യർഥന തള്ളിയ സർക്കാരാണിത്. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത് വരെ എത്ര കാലമായാലും ഡെൽഹി അതിർത്തികളിൽ സമരം തുടരും. ചർച്ചയ്‌ക്ക് തയ്യാറാകാതെ വെല്ലുവിളിക്കുന്ന സമീപനമാണ് കേന്ദ്രസർക്കാരിന്റേത്. ഈ നിലപാട് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കർഷക സമരത്തിനെതിരെ ബിജെപി നടത്തുന്ന രാഷ്‌ട്രീയ പ്രചാരണം വിലപ്പോകില്ല. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനായി ഉള്ള തുടർ സമര പരിപാടികൾ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. ഡെൽഹി അതിർത്തികളിൽ നടന്നുവരുന്ന കർഷക സമരം ഇന്ന് ആറാം മാസത്തിലേക്ക് കടക്കുകയാണ്.
Must Read: കോവിഡ് വാക്‌സിൻ; നോബൽ സമ്മാന ജേതാവിന്റെ പേരിൽ പ്രചരിക്കുന്ന പോസ്‌റ്റ് വ്യാജം






































