പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ഉണ്ടാക്കിയ കേസിൽ പ്രതിയായ കെ വിദ്യയുടെ അറസ്‌റ്റ് നാടകമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെളിവ് നശിപ്പിക്കാൻ സർക്കാർ തലത്തിൽ വിദ്യക്ക് സഹായം ലഭിച്ചുവെന്നും ചെന്നിത്തല ആരോപിക്കുന്നു. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒന്നും പ്രതികരിക്കുന്നില്ലായെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
‘നിഖിലിനും തെളിവ് നശിപ്പിക്കാൻ സമയം കൊടുത്തിരിക്കുകയാണ്. ആർഷോയെ ചോദ്യം ചെയ്‌താൽ നിഖിൽ എവിടെയെന്നറിയാം. നിഖിലിന് സീറ്റ് വാങ്ങിക്കൊടുത്തത് ബാബുജാനാണ്’- ചെന്നിത്തല കൂട്ടിച്ചേർത്തു. അതേസമയം, കേരളത്തിൽ നടക്കുന്നത് ഭ്രാന്തൻ ഭരണമാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരനും പ്രതികരിച്ചു. വിദ്യയെ ഒളിപ്പിച്ചത് സിപിഎം സംസ്‌ഥാന നേതൃത്വത്തിന്റെ അറിവോടെയാണെന്നാണ് മുരളീധരൻ ആരോപിക്കുന്നത്.
കേരളം രാഷ്‌ട്രീയ സംഘർഷത്തിലേക്ക് നീങ്ങുകയാണ്. ഏത് ആയുധമെടുത്തും ഇതിനെതിരെ പോരാടുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. അതേസമയം, കേസിൽ അറസ്‌റ്റിലായ വിദ്യയെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ഇന്ന് ഉച്ചയോടെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും. മഹാരാജാസിന്റെയല്ല, ഒരു കോളേജിന്റെ പേരിലും വ്യാജരേഖ ഉണ്ടാക്കിയില്ലെന്നാണ് ചോദ്യം ചെയ്യലിൽ വിദ്യ ആവർത്തിക്കുന്നത്. അക്കാദമിക് നിലവാരം കണ്ടാണ് ഓരോ കോളേജിലും പഠിപ്പിക്കാൻ അവസരം ലഭിച്ചതെന്നും, ആരോപണങ്ങൾക്ക് പിന്നിൽ രാഷ്‌ട്രീയ ഗൂഢാലോചന ഉണ്ടെന്നും വിദ്യ അന്വേഷണ സംഘത്തോട് പറഞ്ഞു.
Most Read: അന്തർവാഹിനിയിൽ ഇന്ന് ഉച്ചക്ക് മുൻപ് ഓക്‌സിജൻ തീരും; പ്രതീക്ഷയോടെ ലോകം