തിരുവനന്തപുരം: വോട്ടർ പട്ടിക ചോർന്നുവെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തെ സ്വാഗതം ചെയ്ത് രമേശ് ചെന്നിത്തല. വോട്ടർ പട്ടിക വെബ്സൈറ്റിൽ ലഭ്യമാണ്, അത് ചോർത്തേണ്ട കാര്യമില്ലെന്ന് ചെന്നിത്തല പറയുന്നു. നടപടിയെടുക്കേണ്ടത് വ്യാജ വോട്ടർമാരെ ചേർത്തവർക്ക് എതിരെയാണെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. എന്ത് പ്രയോജനമെന്ന് അറിയില്ല, വ്യാജ വോട്ടര്‍മാരെ ചേര്‍ത്തവരുടെ പേരില്‍ അന്വേഷണം വേണം. തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണം നടത്തണം. തെളിവ് സഹിതമാണ് വിഷയത്തില്‍ മുന്‍പ് താന്‍ പരാതി നല്‍കിയതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
ചെന്നിത്തല നേരത്തെ ഉയർത്തിയ ഇരട്ടവോട്ട് വിവാദത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതി. ജോയിന്റ് ചീഫ് ഇലക്ട്രറല്‍ ഓഫീസർ നല്കിയ പരാതിയിലാണ് എഫ്ഐആര്‍ രേഖപ്പെടുത്തി ക്രൈംബ്രാഞ്ച് കേസ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. തിരുവനന്തപുരം യൂണിറ്റ് എസ്പി ഷാനവാസിനാണ് അന്വേഷണ ചുമതല. ഐടി ആക്ട്, മോഷണം, ഗൂഢാലോചന എന്നീ കുറ്റങ്ങളും ക്രൈം ബ്രാഞ്ച് കേസിൽ ചുമത്തിയിട്ടുണ്ട്.
Also Read: സ്വര്‍ണക്കടത്ത്; ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തു







































