ആധാറും വോട്ടർ ഐഡിയും തമ്മിൽ ബന്ധിപ്പിക്കും; ബിൽ പാസാക്കി ലോക്‌സഭ

By News Desk, Malabar News
Rajyasabha election kerala
Ajwa Travels

ന്യൂഡെൽഹി: ആധാർ കാർഡും തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും (വോട്ടർ ഐഡി) തമ്മിൽ ബന്ധിപ്പിക്കാൻ അനുമതി നൽകുന്ന നിയമഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. ശബ്‌ദവോട്ടുകളോടെയാണ് ‘ദ ഇലക്ഷൻ ലോസ് ബിൽ 2021‘ സഭയിൽ പാസായത്. ബില്ലിനെതിരെ കോൺഗ്രസ്, എഐഎംഐഎം, ബിഎസ്‌പി തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ നടത്തിയ പ്രതിഷേധം വകവെക്കാതെയാണ് കേന്ദ്രം ബില്ലുമായി മുന്നോട്ട് പോയത്.

സർക്കാർ നീക്കം പൗരൻമാരുടെ ഭരണഘടനാ അവകാശങ്ങളെ ലംഘിക്കുന്നതാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ആധാറും തിരിച്ചറിയൽ കാർഡുമായി ബന്ധിപ്പിക്കുന്നതിലൂടെ പൗരൻമാരുടെ സ്വകാര്യതയ്‌ക്കുള്ള അവകാശം ലംഘിക്കപ്പെടുമെന്നും പ്രതിപക്ഷം ആരോപിച്ചു. ബിൽ പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു. നിയമമന്ത്രി കിരൺ റിജിജുവാണ് ബിൽ അവതരിപ്പിച്ചത്.

കള്ളവോട്ട് തടയുക എന്നതാണ് ഭേദഗതി ബില്ലിലൂടെ ലക്ഷ്യം വെക്കുന്നതെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. ആധാറും വോട്ടർ ഐഡിയും തമ്മിൽ ബന്ധിപ്പിക്കുന്നതോടെ ഇരട്ടവോട്ടും ഇല്ലാതാകും. ഒരാൾക്ക് ഒരിടത്ത് മാത്രമേ വോട്ട് രേഖപ്പെടുത്താനാകൂ. തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ പൈലറ്റ് പ്രോജക്‌ട് വിജയമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഭേദഗതി നിർദ്ദേശം സർക്കാരിന് മുന്നിൽ സമർപ്പിക്കപ്പെട്ടത്.

വോട്ടർ കാർഡിൽ പേര് ചേർക്കുന്നതിനൊപ്പം ആധാർ നമ്പർ കൂടി രേഖപ്പെടുത്തണമെന്ന് ഭേദഗതി ബിൽ നിർദ്ദേശിക്കുന്നുണ്ട്. വോട്ടർ പട്ടികയിൽ നിലവിൽ പേര് ചേർത്തവരോടും തിരഞ്ഞെടുപ്പ് രജിസ്‌ട്രേഷൻ ഉദ്യോഗസ്‌ഥർക്ക് ആധാർ നമ്പർ ചോദിക്കാം. എന്നാൽ, ആധാർ കാർഡോ നമ്പറോ ഹാജരാക്കാൻ കഴിഞ്ഞില്ല എന്ന കാരണത്താൽ ഒരാളുടെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താതിരിക്കരുത് എന്നും ബിൽ വ്യക്‌തമാക്കിയിട്ടുണ്ട്. ഇങ്ങനെയുള്ളവർക്ക് മറ്റ് തിരിച്ചറിയൽ രേഖകൾ ഹാജരാക്കാൻ അനുവദിക്കണമെന്നും നിർദ്ദേശിക്കുന്നു.

വോട്ടർ പട്ടികയിൽ പേരുചേർക്കുന്നതിന് വർഷത്തിൽ നാലുപ്രാവശ്യം അവസരം നൽകുന്ന രീതിയിൽ സമയക്രമം നിശ്‌ചയിക്കണമെന്നും ബില്ലിൽ പറയുന്നു. ജനുവരി 1, ഏപ്രിൽ 1, ജൂലൈ 1, ഒക്‌ടോബർ 1 എന്നിങ്ങനെ നാല് അവസരങ്ങളിൽ വോട്ടർ പട്ടിക പുതുക്കുകയും പേര് ചേർക്കുകയും ചെയ്യാം. സൈനികർക്കും ജീവിതപങ്കാളികൾക്കും നാട്ടിലെ വോട്ടർ പട്ടികയിൽ പേര് രജിസ്‌റ്റർ ചെയ്യാൻ അവസരം നൽകും.

Also Read: വിവാഹ പ്രായം ഉയർത്താനുള്ള നീക്കം ഭരണഘടനാ വിരുദ്ധം; ഇടി മുഹമ്മദ് ബഷീർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE