തിരുവനന്തപുരം: അഞ്ച് സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ തോൽവിയിൽ വിമർശനങ്ങളെ പ്രതിരോധിച്ച് ടി സിദ്ദിഖ് എംഎൽഎ രംഗത്ത്. തോൽവിക്ക് പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ ഉയർന്ന വിമർശനങ്ങളെ സാധുകരിക്കാനില്ലെന്ന് ടി സിദ്ദിഖ് പറഞ്ഞു.
നിക്ഷിപ്‌ത താൽപര്യക്കാരുടെ അജണ്ടകളിൽ കോൺഗ്രസ് പ്രവർത്തകർ വീഴരുത്. തോൽവികളിൽ നേതൃത്വത്തെ പഴിചാരുന്നതിന് പകരം പാർട്ടിയുടെ അടിത്തറ ശക്‌തമാക്കാൻ തയ്യാറാകണം; എംഎൽഎ വ്യക്‌തമാക്കി.
നേരത്തെ കെസി വേണുഗോപാലിനെതിരെ കണ്ണൂര്‍ ശ്രീകണ്‌ഠാപുരത്ത് പോസ്‌റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് തോല്‍വി പരാമര്‍ശിച്ചാണ് കോണ്‍ഗ്രസ് ബ്ളോക്ക് കമ്മിറ്റി ഓഫിസിന് മുന്നിൽ പോസ്‌റ്റർ പ്രത്യക്ഷപ്പെട്ടത്. അഞ്ച് സംസ്‌ഥാനങ്ങള്‍ വിറ്റുതുലച്ചെന്നാണ് പോസ്‌റ്ററിലെ പരാമര്‍ശം.
അതേസമയം സമൂഹ മാദ്ധ്യമങ്ങളിലൂടെ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, എന്നിവരെയും കെസി വേണുഗോപാലിനെയും ആക്രമിക്കുന്ന കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടപടിയെടുക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും വ്യക്‌തമാക്കി. നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് എന്നും കെപിസിസി ഇക്കാര്യം നിരീക്ഷിച്ച് വരികയാണെന്നും സുധാകരൻ പറഞ്ഞു.
Most Read: യുക്രൈനിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർഥികൾക്ക് പഠന സൗകര്യം ഒരുക്കണമെന്ന് ഹരജി