ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട കനത്ത പരാജയത്തിന്റെ ഉത്തരവാദികൾ ഉന്നത നേതൃത്വം മാത്രമല്ലെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ.
‘ഞങ്ങൾ എല്ലാവരും സോണിയാ ഗാന്ധിയോട് പറഞ്ഞു, സംസ്‌ഥാനങ്ങളിലെ തോൽവിക്ക് അവർ മാത്രമല്ല ഉത്തരവാദി, എല്ലാ സംസ്‌ഥാന നേതാക്കൾക്കും എംപിമാർക്കും ഉത്തരവാദിത്തമുണ്ട്, ഗാന്ധി കുടുംബം മാത്രമല്ല കാരണക്കാർ. ഞങ്ങൾ സോണിയയിൽ വിശ്വാസം അർപ്പിച്ചു. രാജി സന്നദ്ധത അറിയിക്കുന്നതിനെ കുറിച്ച് ചോദ്യം ഉയരുന്നില്ല,”- മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
പഞ്ചാബ്, ഗോവ, ഉത്തർപ്രദേശ്, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നീ അഞ്ച് സംസ്‌ഥാനങ്ങളിലും അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. ഞായറാഴ്‌ച നടന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ പാർട്ടിയെ ശക്‌തിപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങൾ ചർച്ച ചെയ്‌തതായി ഖാർഗെ പറഞ്ഞു.
“ഞങ്ങൾ ബിജെപിയോടും അതിന്റെ പ്രത്യയശാസ്‌ത്രത്തോടും പോരാടും, ഞങ്ങളുടെ പ്രത്യയശാസ്‌ത്രം മുന്നോട്ട് കൊണ്ടുപോകും, അടുത്ത തിരഞ്ഞെടുപ്പിൽ ഞങ്ങൾ കൂടുതൽ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു,” ഖാർഗെ പറഞ്ഞു.
Most Read: നീന്തൽ കുളവും ഹെലിപാഡും; പ്രതാപം വീണ്ടെടുത്ത് ലോകത്തിലെ ഏറ്റവും വലിയ കാർ