കണ്ണൂർ: സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്‌ജിത്തിനെതിരെ ബംഗാളി നടി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിൽ സർക്കാരിൽ നിന്ന് റിപ്പോർട് ആവശ്യപ്പെടുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. ആരോപണം വന്ന സ്‌ഥിതിക്ക് പ്രാഥമിക പരിശോധന നടത്തി നടപടിയെടുക്കാൻ സർക്കാർ തയാറാകുമെന്നാണ് കരുതുന്നതെന്നും സതീദേവി പറഞ്ഞു.
‘നടിയുടെ പരാതി കണ്ടിട്ടില്ല. മാദ്ധ്യമങ്ങളിലൂടെയാണ് ആരോപണം ഉന്നയിച്ചത്. പരാതി രേഖാമൂലം നൽകിയാൽ അന്വേഷണവും നടപടിയും ഉണ്ടാവും. ആരോപണത്തിൽ കഴമ്പുണ്ടെന്ന് തെളിഞ്ഞാൽ എത്ര ഉന്നത സ്‌ഥാനത്തിരിക്കുന്ന ആളായാലും നടപടി ഉണ്ടാകും. രഞ്‌ജിത്തിനെ മാറ്റി നിർത്തണോ എന്ന് സർക്കാരാണ് തീരുമാനിക്കേണ്ടത്. ആരോപണം തെളിയുന്ന പക്ഷം തെറ്റായ പ്രവൃത്തികൾ ചെയ്‌ത ആളുകൾ ഉന്നത സ്‌ഥാനത്തിരിക്കുന്നത് ഒരു തരത്തിലും ഉചിതമല്ല’- പി സതീദേവി പറഞ്ഞു.
കുറ്റം ചെയ്‌തെന്ന വസ്‌തുത പുറത്തുവന്നാൽ അധികാര സ്‌ഥാനങ്ങൾ കൈകാര്യം ചെയ്യാൻ അനുവദിക്കരുത് എന്നാണ് വനിതാ കമ്മീഷന്റെ അഭിപ്രായം. സ്‌ത്രീകൾ ആരും ആശങ്കപ്പെടേണ്ടതില്ല. പരാതിപ്പെടാൻ ധൈര്യത്തോടെ, ആൽമവിശ്വാസത്തോടെ മുന്നോട്ട് വരണം. പ്രശ്‌നങ്ങൾ സഹിച്ചു കഴിയേണ്ടവരാണ് എന്ന ധാരണ സ്‌ത്രീകൾക്ക് വേണ്ട. രാജ്യത്ത് നിയമങ്ങളുണ്ട്. പരാതിപ്പെട്ടാൽ അപമാനം സംഭവിക്കുന്നുവെന്ന ധാരണ മാറണം. ആർജവത്തോടെ പരാതി പറയാൻ മുന്നോട്ടുവരണം. അതിനുള്ള ആൽമധൈര്യം ഏത് മേഖലയിലായാലും സ്‌ത്രീകൾ കാട്ടണം. അവർക്ക് നിയമപരിരക്ഷ ഉറപ്പുവരുത്തും.
ഉന്നതർക്കെതിരെ പരാതി വന്നപ്പോൾ മുൻപും സർക്കാർ നടപടിയെടുത്തിട്ടുണ്ടെന്ന് പി സതീദേവി പറഞ്ഞു. ഒരു നടി പരാതി നൽകിയപ്പോൾ നടനെ അറസ്‌റ്റ് ചെയ്‌തു. തെറ്റ് ചെയ്‌താൽ മുഖം നോക്കാതെ നടപടിയെടുക്കും. രഞ്‌ജിത്തിനെതിരായ ആരോപണം ഇന്നലെ വന്നതാണ്. അന്വേഷണം നടക്കണം. ആരോപണത്തിന് അടിസ്‌ഥാനമായ സംഭവം വർഷങ്ങൾക്ക് മുൻപ് ഉണ്ടായതാണ്. വനിതാ കമ്മീഷന് മുന്നിൽ പരാതി എത്തിയാൽ നടപടിയെടുക്കും. മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞതിനാൽ സർക്കാരിനോട് റിപ്പോർട് ആവശ്യപ്പെടുമെന്നും പി സതീദേവി പറഞ്ഞു.
Most Read| തീരുമാനം പിൻവലിച്ച് കോർപറേഷൻ; തൃശൂരിൽ നാലാം ഓണത്തിന് പുലികളിറങ്ങും