ന്യൂഡൽഹി: അർണാബ് ഗോസ്വാമിയും ബാർക് മുൻ സിഇഒ പാർഥോ ദാസ് ഗുപ്‌തയും തമ്മിലുള്ള വാട്‌സാപ്പ് സന്ദേശങ്ങൾ ഞെട്ടലുണ്ടാക്കുന്നെന്ന് നാഷണൽ ബ്രോഡ്‌കാസ്‌റ്റേഴ്‌സ് അസോസിയേഷൻ (എൻബിഎ) പറഞ്ഞു. റിപ്പബ്ളിക് ടിവിക്ക് കൂടുതൽ കാഴ്‌ചക്കാരുണ്ടെന്ന് വരുത്താൻ ചാനൽ റേറ്റിംഗിൽ കൃത്രിമം കാട്ടുന്നതിന് ഇരുകൂട്ടരും ഗൂഢാലോചന നടത്തിയെന്ന് ഇവയിൽനിന്നു തെളിഞ്ഞതായി എൻബിഎ പ്രസ്‌താവനയിൽ പറഞ്ഞു.
റേറ്റിംഗിൽ കൃത്രിമം കാട്ടിയെന്നു മാത്രമല്ല, സ്വാധീനമുപയോഗിച്ചു എന്നും സന്ദേശങ്ങളിൽ നിന്നു വ്യക്‌തമാണ്. സെക്രട്ടറിമാരുടെ നിയമനം, മന്ത്രിസഭാ പുനഃസംഘടന, പ്രധാനമന്ത്രിയുടെ ഓഫീസിലെ സ്വാധീനം, വാർത്താവിതരണ മന്ത്രാലയത്തിന്റെ പ്രവർത്തനരീതി തുടങ്ങിയകാര്യങ്ങളും സന്ദേശത്തിലുണ്ട്. റേറ്റിംഗിലെ കൃത്രിമത്തെക്കുറിച്ച് നാലുവർഷമായി എൻബിഎ ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിവെക്കുന്നതാണ് പുറത്ത് വന്ന സന്ദേശങ്ങളെന്ന് അവർ പറയുന്നു.
കൃത്രിമം കാട്ടിയതുസംബന്ധിച്ച് കോടതിയിലുള്ള കേസിൽ വിധി വരുംവരെ ഇന്ത്യൻ ബ്രോഡ്‌കാസ്‌റ്റിങ് ഫൗണ്ടേഷൻ (ഐബിഎഫ്) റിപ്പബ്ളിക് ടിവിയുടെ അംഗത്വം റദ്ദാക്കണമെന്ന് എൻബിഎ ആവശ്യപ്പെട്ടു. അന്തിമവിധി വരുംവരെ ബാർക് റേറ്റിംഗ് സംവിധാനത്തിൽ നിന്നും റിപ്പബ്ളിക് ടിവിയെ ഒഴിവാക്കണം. ബാർക്കിന്റെ വിശ്വാസ്യത തകർക്കുന്നതിന് ഉത്തരവാദികളായ ആളുകൾക്കെതിരെ നിയമപരമായ നടപടിയെടുക്കണം. എൻബിഎ ആവശ്യപ്പെട്ടു.
Read Also: രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി; കേരളത്തിൽ ഡീസലിന് റെക്കോർഡ് വില







































