തിരുവനന്തപുരം: സംസ്ഥാനത്തിന്റെ 41ആം പോലീസ് മേധാവിയായി റവാഡ എ ചന്ദ്രശേഖർ ചുമതലയേറ്റു. ഡെൽഹിയിൽ നിന്ന് ഇന്ന് പുലർച്ചെ തലസ്ഥാനത്തെത്തിയ അദ്ദേഹം രാവിലെ ഏഴുമണിയോടെയാണ് ഡിജിപിയായി ചുമതലയേറ്റത്. എഡിജിപിമാർ അടക്കമുള്ള പോലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥർ അദ്ദേഹത്തെ സ്വീകരിച്ചു.
പോലീസ് മേധാവി ഓഫീസിൽ വെച്ച് എഡിജിപി എച്ച്. വെങ്കിടേഷ് പോലീസ് മേധാവിയുടെ അധികാര ചിഹ്നം കൈമാറി. സ്ഥാനമേറ്റെടുത്ത ശേഷം പോലീസുകാരുടെ സ്മൃതി മണ്ഡപത്തിൽ അദ്ദേഹം പുഷ്പചക്രം അർപ്പിച്ചു. സേനയുടെ അഭിവാദ്യവും സ്വീകരിച്ചു. ഇന്ന് കണ്ണൂരിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പോലീസ് മേഖലാതല യോഗത്തിൽ റവാഡ പങ്കെടുക്കും. 10.30ഓടെ അദ്ദേഹം വിമാനത്തിൽ കണ്ണൂരിലേക്ക് പോകും.
മുൻ സംസ്ഥാന പോലീസ് മേധാവി എസ് ദർവേഷ് സാഹിബ് ഇന്നലെ പടിയിറങ്ങുമ്പോൾ താൽക്കാലികമായി അധികാരം കൈമാറിയത് എഡിജിപി എച്ച്. വെങ്കിടേഷിനായിരുന്നു. അദ്ദേഹത്തിൽ നിന്നാണ് റവാഡ അധികാരം ഏറ്റെടുത്തത്. ആന്ധ്രാപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയായ റവാഡ ചന്ദ്രശേഖർ, 1991 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്.
കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിന്നാണ് റവാഡ ചന്ദ്രശേഖർ സംസ്ഥാന പോലീസ് മേധാവിയായി എത്തുന്നത്. ഇന്റലിജൻസ് ബ്യൂറോയുടെ (ഐബി) സ്പെഷ്യൽ ഡയറക്ടറായിരുന്നു. യുപിഎസ്സി കൈമാറിയ പട്ടികയിൽ സീനിയോറിറ്റിയിൽ ഒന്നാമനായ നിധിൻ അഗർവാളിനെ മറികടന്നാണ് റവാഡ ചന്ദ്രശേഖറിനെ പോലീസ് മേധാവിയായി നിയമിച്ചത്. നിധിൻ അഗർവാൾ നിലവിൽ സംസ്ഥാന റോഡ് സുരക്ഷാ കമ്മീഷണറാണ്.
പട്ടികയിൽ മൂന്നാമനായ യോഗേഷ് ഗുപ്തയ്ക്ക് സർക്കാരുമായുള്ള ബന്ധം മോശമായതാണ് തിരിച്ചടിയായത്. 5 ഡിവൈഎഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ട കൂത്തുപറമ്പിലെ പോലീസ് വെടിവയ്പ്പിൽ പ്രതിചേർക്കപ്പെട്ട റവാഡയുടെ നിയമനത്തിന് പാർട്ടിയും പച്ചക്കൊടി കാട്ടിയിരുന്നു. റവാഡ മാത്രമല്ല വെടിവയ്പ്പിന് ഉത്തരവാദിയെന്ന നിലപാടാണ് മുഖ്യമന്ത്രി എടുത്തത്.
ഇന്റലിജൻസ് ബ്യൂറോയിൽ 17 വർഷത്തെ സേവനത്തിന് ശേഷമാണ് റവാഡ കേരളത്തിലേക്ക് മടങ്ങിയെത്തുന്നത്. കേന്ദ്രത്തിൽ ആയിരിക്കുമ്പോഴും സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരുമായി റവാഡ ചന്ദ്രശേഖർ ബന്ധം പുലർത്തിയിരുന്നു. 2006 ജൂലൈ അവസാനം വരെയാണ് റവാഡ ചന്ദ്രശേഖറിന് സർവീസ്. എന്നാൽ, സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് ഒരുവർഷം കൂടി അദ്ദേഹത്തിന് സർവീസ് കാലാവധി നീട്ടി നൽകാനാകും. അങ്ങനെയെകിൽ 2027 ജൂലൈ ഒന്നുവരെ അദ്ദേഹം കേരള ഡിജിപിയായി തുടരും.
Most Read| ആക്സിയോം-4 ദൗത്യസംഘം ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചു; ഇന്ത്യക്ക് അഭിമാന നിമിഷം