തിരുവനന്തപുരം: ഇത്തവണത്തെ ഓണനാളുകളിലും കേരളത്തിലെ ബെവ്കോ ഔട്ട്ലെറ്റുകളിൽ റെക്കോർഡ് മദ്യ വിൽപ്പന. 750 കോടി രൂപയുടെ മദ്യമാണ് കഴിഞ്ഞ 10 ദിവസത്തിനിടെ കേരളത്തിൽ വിറ്റഴിച്ചത്. കോവിഡ് വ്യാപനത്തെ തുടർന്ന് പൊതുവെ വിപണികൾ മന്ദഗതിയിൽ ആയിരുന്നെങ്കിലും, മദ്യ വിൽപ്പനയെ ഇത് ബാധിച്ചിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
മദ്യ വിൽപ്പനയുടെ 70 ശതമാനം ഔട്ട്ലെറ്റുകളിലൂടെയും, 30 ശതമാനം ബാറുകളിലൂടെയുമാണ് നടന്നത്. കൂടാതെ ഏറ്റവും കൂടുതൽ മദ്യവിൽപ്പന നടന്നത് ഉത്രാടം നാളിലാണ്. 85 കോടി രൂപയുടെ മദ്യ വിൽപ്പനയാണ് ഉത്രാടത്തിന് മാത്രം സംസ്‌ഥാനത്ത് നടന്നത്. തിരുവോണ നാളിൽ മദ്യശാലകൾ തുറക്കാഞ്ഞതോടെ ഉത്രാടം നാളിൽ എല്ലാ മദ്യ ഷോപ്പുകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
കൂടാതെ ഉത്രാട നാളിൽ തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ബെവ്‌കോ ഔട്ട്‌ലെറ്റിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. 1,04,00,000 രൂപയുടെ മദ്യ വിൽപ്പനയാണ് ഇവിടെ ഇത്തവണ നടന്നത്. സമീപകാലത്തെ തന്നെ ഏറ്റവും വലിയ മദ്യവിൽപ്പനയാണ് ഇത്. കൂടാതെ ഓണത്തോട് അനുബന്ധിച്ച് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിൽ നടന്ന ഓൺലൈൻ വിൽപ്പനയിലൂടെ 10 ലക്ഷം രൂപയുടെ മദ്യം വിറ്റഴിച്ചതായും അധികൃതർ വ്യക്‌തമാക്കി.
Read also: രാമക്ഷേത്ര റോഡിന് കല്യാൺ സിങ്ങിന്റെ പേര് നൽകും; യുപി ഉപമുഖ്യമന്ത്രി






































