പാലക്കാട്: പറമ്പിക്കുളം കടുവാസങ്കേതത്തിൽ നവംബർ മുതൽ ജനുവരി വരെ നടത്തിയ നിരീക്ഷണത്തിൽ പ്രായപൂർത്തിയായ രണ്ടെണ്ണമുൾപ്പടെ 13 കടുവകളുടെ സാന്നിധ്യം കൂടുതലായി കണ്ടെത്തി. 45 ദിവസത്തെ നിരീക്ഷണത്തിന് ഒടുവിൽ 35 കടുവകളാണ് കടുവാസങ്കേതത്തിലെ നിരീക്ഷണ കാമറകളിൽ പതിഞ്ഞത്. ഇതിൽ 22 എണ്ണം നേരത്തെ നടത്തിയിട്ടുള്ള നിരീക്ഷണത്തിൽ കാമറയിൽ പതിഞ്ഞവയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
2022ൽ നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി നടത്താനിരിക്കുന്ന കടുവാ സെൻസസിന് മുന്നോടിയായാണ് 2020 നവംബർ മുതൽ ജനുവരി വരെ 45 ദിവസം കടുവകളെ നിരീക്ഷിച്ചത്. കടുവാസങ്കേതത്തിന്റെ കരുതൽമേഖലയിൽ ഉൾപ്പടെ സ്ഥാപിച്ച കാമറകളിലൂടെയാണ് കടുവകളെ നിരീക്ഷിച്ചത്.
നിരീക്ഷണത്തിൽ നിന്ന് ലഭിച്ച വിവരങ്ങൾ ഉൾപ്പെടുത്തി പറമ്പിക്കുളം കടുവാസങ്കേതത്തിൽ 100 ചതുരശ്ര കിലോമീറ്ററിന് 2.43 കടുവകൾ ഉള്ളതായി കണക്കാക്കാൻ സാധിക്കുമെന്ന് കടുവാസങ്കേതം ഡെപ്യൂട്ടി ഡയറക്ടർ എസ് വൈശാഖ് പറഞ്ഞു.
Read also: ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 2 ലക്ഷം കടക്കും; നാളെ സർവകക്ഷി യോഗം; നിർണായകം







































