കൽപ്പറ്റ: ജില്ലയിലെ 85 പട്ടിക വിഭാഗക്കാർക്ക് പ്രത്യേക റിക്രൂട്ട്മെന്റിലൂടെ നിയമന ശുപാർശ കൈമാറി. വനാന്തരങ്ങളിലും വനാതിർത്തിയിലും താമസിക്കുന്ന പ്രത്യേക ഗോത്ര വിഭാഗത്തിൽപെട്ടവർക്കാണ് പോലീസ് വകുപ്പിൽ പിഎസ്സി മുഖേന നിയമനം നൽകുന്നത്. കൽപ്പറ്റയിൽ വെച്ച് നടന്ന ചടങ്ങിൽ പിഎസ്സി കമ്മീഷൻ ചെയർമാൻ അഡ്വ. എംകെ സക്കീർ ഉദ്യോഗാർഥികൾക്ക് നിയമന ശുപാർശ കൈമാറി.
പ്രത്യേക ഗോത്ര ജനവിഭാഗത്തെയും സർക്കാർ സംവിധാനത്തിന്റെ ഭാഗമാക്കാൻ നിയമനത്തിലൂടെ സാധിച്ചതായി ചെയർമാൻ പറഞ്ഞു. ന്യൂനതകൾ പരിഹരിച്ച് തികച്ചും സുതാര്യമായ രീതിയിലാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുത്തത്. ഗോത്രവിഭാഗത്തിലുള്ള കൂടുതൽ പേരെ സർക്കാർ സംവിധാനത്തിൽ എത്തിക്കാൻ പട്ടികജാതി-പട്ടികവർഗ വികസന വകുപ്പിന്റെ സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
പണിയ, അടിയ, ഊരാളി, കാട്ടുനായ്ക്ക വിഭാഗത്തിലുള്ള പട്ടികവർഗക്കാർക്കായിരുന്നു നിയമനം. പ്രത്യേക ഗോത്ര വിഭാഗക്കാർക്കുള്ള രണ്ടാംഘട്ട നിയമനത്തിലാണ് സംസ്ഥാനത്ത് 125 പേർക്ക് നിയമനം ലഭിച്ചത്. ജില്ലയിൽ 20 വനിതകൾക്കും 65 പുരുഷൻമാർക്കുമായിരുന്നു നിയമനം. ആദ്യഘട്ടത്തിൽ ജില്ലയിലെ 52 പട്ടികവർഗ വിഭാഗക്കാർക്ക് നിയമനം ലഭിച്ചിട്ടുണ്ട്.
ജില്ലയിൽ 2,239 പുരുഷൻമാരും 956 സ്ത്രീകളും അടക്കം 3,195 പേരാണ് അപേക്ഷിച്ചിരുന്നത്. ഇതിൽ 888 പേർ ശാരീരിക ക്ഷമത പരീക്ഷക്ക് ഹാജരായി. ഇതിൽ നിന്നും യോഗ്യരായ 527 പേരെ ഉൾപ്പെടുത്തിയാണ് റാങ്ക് ലിസ്റ്റ് തയാറാക്കിയത്.
ചടങ്ങിൽ കേരള പബ്ളിക്ക് സർവീസ് കമ്മീഷൻ കോഴിക്കോട് റീജണൽ ഓഫീസർ കെഎം ഷെയ്ഖ് ഹുസൈൻ, ജില്ലാ ഓഫീസർ പി ഉല്ലാസൻ, സെക്ഷൻ ഓഫീസർമാരായ പി രാജീവ്, കെ വിജയലത, കെ ലളിത തുടങ്ങിയവർ പങ്കെടുത്തു.
Read also: ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് ഇന്ന് തുടക്കം