തിരുവനന്തപുരം: തമ്പാനൂർ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട ശുചീകരണ തൊഴിലാളി ക്രിസ്റ്റഫർ ജോയിയുടെ മാതാവിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പത്ത് ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
ജോയിയുടെ അമ്മയ്ക്ക് വീടുവെച്ച് നൽകുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചു. വീടിനായി എംഎൽഎയുടെ നേതൃത്വത്തിൽ സ്ഥലം കണ്ടെത്തും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉൾപ്പടെ ജോയിയുടെ മാരായമുട്ടത്തെ വീട് സന്ദർശിച്ചിരുന്നു. ജോയിയുടെ മരണത്തിന് ഉത്തരവാദികൾ റെയിൽവേ ആണെന്നും ആവുന്നത്ര നഷ്ടപരിഹാരം നൽകാൻ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ പ്ളാറ്റ്ഫോമിന് അടിയിലുള്ള ആമയിഴഞ്ചാൻ തോടിലെ മാലിന്യം വൃത്തിയാക്കുന്നതിനിടെ ജോയിയെ ഒഴുക്കിൽപ്പെട്ട് കാണാതായത്. തുടർന്ന് 46 മണിക്കൂറിന് ശേഷം തിങ്കളാഴ്ച രാവിലെയാണ് പഴവങ്ങാടി തകരപ്പറമ്പിന് പുറകിലെ കനാലിൽ ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. മാലിന്യം നീക്കാൻ റെയിൽവേയുടെ കരാർ ഏറ്റെടുത്ത ഏജൻസിയുടെ താൽക്കാലിക തൊഴിലാളിയായിരുന്നു ജോയി.
Most Read| സിദ്ധാർഥന്റെ മരണം; അന്വേഷണ കമ്മീഷൻ ഗവർണർക്ക് റിപ്പോർട് സമർപ്പിച്ചു