മലപ്പുറം: നിപയെ തടയാൻ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. നിപ വ്യാപന ആശങ്കയിൽ നിന്ന് ഏറെക്കുറെ മുക്‌തി നേടിയിരിക്കുകയാണ് മലപ്പുറം ജില്ല. ഇതുവരെ രണ്ടാമതൊരു കേസ് റിപ്പോർട് ചെയ്‌തില്ല. നിരീക്ഷണത്തിലുള്ള ആരുടെയും നില ഗുരുതരവുമല്ല. കഴിഞ്ഞ ഞായറാഴ്‌ചയാണ് മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ 14 വയസുകാരൻ നിപ ബാധിച്ചു മരിച്ചത്.
ഈ മാസം പത്തിനാണ് കുട്ടിയെ പനി ബാധിച്ചു നാട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ ആയിരുന്നു മരണം. കുട്ടിയുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന 17 പേരുടെ സാമ്പിളുകളും ഇന്നലെ നെഗറ്റീവ് ആയിരുന്നു. ഏതാനും പരിശോധനാ ഫലങ്ങൾ കൂടി ലഭിക്കാനുണ്ട്.
സ്രവ പരിശോധനക്കായി പൂനെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈൽ ലബോറട്ടറി കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഡോ. ബാലസുബ്രഹ്‌മണ്യത്തിന്റെ നേതൃത്വത്തിലുള്ള ബാറ്റ് സർവൈലൻസ് ടീം രോഗബാധിത മേഖലയിലെത്തി പ്രവർത്തനം തുടങ്ങി. നിപയെ അതിജീവിക്കാനുള്ള മോണോ ക്ളോണൽ ആന്റിബോഡി കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു.
സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരിൽ 16 പേർ മഞ്ചേരി മെഡിക്കൽ കോളേജിലും രണ്ടുപേർ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഐസൊലേഷനിലുണ്ട്. ആരുടേയും നില ഗുരുതരമല്ല. നിലവിൽ 460 പേരാണ് സമ്പർക്കപ്പട്ടികയിൽ ഉള്ളത്. മലപ്പുറത്തെ രണ്ടു പഞ്ചായത്തുകളിലാണ് ഇപ്പോൾ നിയന്ത്രണം. വരും ദിവസങ്ങളിൽ നിയന്ത്രണങ്ങൾ നീക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.
Most Read| ഹേമ കമ്മിറ്റി റിപ്പോർട്; വിവരങ്ങൾ പുറത്തുവിടുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു







































