മലപ്പുറം: പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു. 97 വയസായിരുന്നു. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയവേ രാത്രി 12.20ഓടെയാണ് മരണം. വാർധക്യ സഹജമായ രോഗങ്ങളാൽ ഏറെക്കാലം ചികിൽസയിലായിരുന്നു. സംസ്കാരം ഇന്ന് നടക്കും. വരയും പെയിന്റിങ്ങും ശിൽപ്പവിദ്യയിലും കലാസംവിധാനവും ഉൾപ്പടെ കൈവെച്ച മേഖലകളിലെല്ലാം ആർട്ടിസ്റ്റ് നമ്പൂതിരി ശോഭിച്ചിരുന്നു.
1925 സെപ്റ്റംബർ 13ന് പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്റെയും മകനായാണ് വാസുദേവൻ നമ്പൂതിരി ജനിച്ചത്. കുട്ടിക്കാലം മുതൽ ചിത്രം വരച്ചു തുടങ്ങി. കേരളത്തിന്റെ ചിത്ര, ശിൽപ്പകലാ ചരിത്രങ്ങളുടെ ഒരു സുവർണാധ്യായമാണ് നമ്പൂതിരി. മലയാള സാഹിത്യത്തിലെ ഉജ്വലമായ കഥാപാത്രങ്ങളിൽ പലതും മലയാളിയുടെ മുന്നിലെത്തിയത് നമ്പൂതിരിയുടെ വരകളിലൂടെയായിരുന്നു.
‘വരയുടെ പരമശിവൻ’ എന്നാണ് വികെഎൻ ആർട്ടിസ്റ്റ് നമ്പൂതിരിയെ വിശേഷിപ്പിച്ചിരുന്നത്. തകഴി, എംടി ബഷീർ, പൊറ്റക്കാട് തുടങ്ങിയവരുടെ കൃതികൾക്കായി അദ്ദേഹം ചിത്രങ്ങൾ വരച്ചിരുന്നു. എംടിയുടെ രചനകൾക്ക് നമ്പൂതിരി വരച്ച ചിത്രങ്ങൾ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. മോഹൻലാലിന്റെ ആവശ്യപ്രകാരം, ശങ്കരാചാര്യരുടെ സൗന്ദര്യലഹരി അടിസ്ഥാനമാക്കി നമ്പൂതിരി വരച്ച പെയിന്റിങ് ഏറെ പ്രശസ്തമാണ്. 1960 ലാണ് മാതൃഭൂമിയിൽ ചേർന്നത്. കലാകൗമുദിയിലും സമകാലിക മലയാളത്തിലും ജോലി ചെയ്തിട്ടുണ്ട്.
എംടിയുടെ രണ്ടാമൂഴത്തിനും വികെഎന്നിന്റെ പിതാമഹനും പയ്യൻ കഥകൾക്കുമൊക്കെ നമ്പൂതിരി വരച്ച ചിത്രങ്ങൾ പ്രശസ്തമാണ്. അരവിന്ദന്റെ ഉത്തരായനം, കാഞ്ചനസീത എന്നീ സിനിമകളുടെ കലാസംവിധയകനായും പ്രവർത്തിച്ചിട്ടുണ്ട്. ഉത്തരായനത്തിന്റെ കലാസംവിധാനത്തിന് സംസ്ഥാന ചലച്ചിത്ര അവാർഡും ലഭിച്ചു. കേരള ലളിതകലാ അക്കാദമി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. കേരള ലളിതകലാ അക്കാദമിയുടെ രാജ രവിവർമ പുരസ്കാരം, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഭാര്യ: മൃണാളിനി. മക്കൾ: പരമേശ്വരൻ, വാസുദേവൻ.
Most Read: വടക്കൻ ജില്ലകളിൽ മഴ ശക്തമാകും; 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നവധി






































