ന്യൂഡെൽഹി: യുക്രൈൻ- റഷ്യ യുദ്ധമുഖത്ത് കുടുങ്ങിക്കിടക്കുന്ന കൂടുതൽ ഇന്ത്യക്കാരെ ഇന്ന് രാജ്യത്ത് എത്തിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. യുക്രൈന്റെ സമീപ പ്രദേശത്തുള്ള രാജ്യങ്ങളിൽ കൂടി ആയിരത്തിലധികം പേരെ ഡെൽഹിയിൽ എത്തിക്കുമെന്നാണ് വിവരം.
ബുധനാഴ്‌ച മൂന്ന് വിമാനങ്ങളാണ് രാജ്യത്ത് എത്തിയത്. ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി പോളണ്ടിൽ നിന്നുള്ള ആദ്യ വിമാനം രാവിലെ ഡെൽഹിയിൽ എത്തിയിരുന്നു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ആണ് യാത്രക്കാരെ വിമാനത്താവളത്തിൽ സ്വീകരിച്ചത്. ഹംഗറി, ബുഡാപെസ്‌റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് വിമാനങ്ങളും ഇതിനോടകം ഡെൽഹിയിൽ എത്തിയിട്ടുണ്ട്. റൊമാനിയയിലെ ബുക്കാറസ്‌റ്റിൽ നിന്നുള്ള വിമാനവും ഉച്ചക്ക് മുൻപ് ഡെൽഹിയിൽ എത്തിച്ചേരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
ബുധനാഴ്‌ച രാത്രിയിലും യുക്രൈനിൽ നിന്ന് ഓപ്പറേഷൻ ഗംഗയുടെ ഭാഗമായുള്ള വിമാനങ്ങൾ ഡെൽഹിയിൽ എത്തും. റൊമാനിയ, ഹംഗറി, സ്‌ളോവാക്യ, പോളണ്ട് എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളാണ് രാത്രി എത്തുക. അതേസമയം, വ്യോമസേനയുടെ ആദ്യ വിമാനം രാത്രി 11 മണിക്ക് ഹിൻഡാണ് വ്യോമതാവളത്തിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 4 മണിക്കാണ് ഇന്ത്യൻ വ്യോമസേനയുടെ വിമാനം ബുക്കാറസ്‌റ്റിലേക്ക് പോയത്. 250ലേറെ വരുന്ന ഇന്ത്യക്കാരുമായി വിമാനം തിരിച്ചെത്തും. ഇന്നും നാളെയുമായി 26 സർവീസുകളാണ് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്.
Most Read: വിസ്‌മയ കേസ്; പ്രതി കിരൺ കുമാറിന് ജാമ്യം