മോസ്കോ: നോര്‍ഡ് സ്ട്രീം-1 വഴി യൂറോപ്പിലേക്കുള്ള പ്രകൃതിവാതക വിതരണം നിര്‍ത്തിവെക്കുമെന്ന ഭീഷണിയുമായി റഷ്യ. യുക്രൈന് എതിരായ സൈനിക നടപടിയുടെ പശ്ചാത്തലത്തില്‍ റഷ്യക്കെതിരെ വിവിധ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനോടുള്ള മറുപടി എന്ന നിലയിലാണ് റഷ്യയുടെ ഏറ്റവും പുതിയ പ്രതികരണം. റഷ്യ ഇത്തരമൊരു നടപടിക്ക് മുതിരുകയാണെങ്കിൽ, ഊര്‍ജവിപണിയില്‍ ഇത് വന്‍വിലക്കയറ്റത്തിന് വഴിവെച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
റഷ്യയുടെ സമ്പദ് വ്യവസ്‌ഥയ്‌ക്ക് ഉണ്ടാക്കിയ നഷ്‌ടങ്ങളെ പ്രതിഫലിപ്പിക്കും വിധത്തിലുള്ള നടപടികള്‍ സ്വീകരിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നാണ് അവരുടെ നിലപാട്. ഉപപ്രധാനമന്ത്രി പദവും ഊര്‍ജവകുപ്പിന്റെ ചുമതലയും വഹിക്കുന്ന അലക്‌സാണ്ടര്‍ നോവാക് ഇന്നലെ വൈകിട്ട് ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തിലാണ് നിലപാട് വ്യക്‌തമാക്കിയത്.
നോര്‍ഡ് സ്ട്രീം-1 അടയ്‌ക്കാനുള്ള തീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്നും നിലവില്‍ പൂര്‍ണശേഷിയിലാണ് ഇത് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യയില്‍ നിന്നുള്ള വിതരണം തടസപ്പെട്ടേക്കുമോ എന്ന ആശങ്കയെ തുടര്‍ന്ന് പ്രകൃതി വാതക വിപണി ആടിയുലയുകയാണ്. ഇതിന്റെ ഫലമായി ഒരു ഘട്ടത്തില്‍ 80 ശതമാനം വരെ വിലയുയരുന്ന സാഹചര്യവുമുണ്ടായി. ഇതിനു പിന്നാലെയാണ് റഷ്യയുടെ പ്രസ്‌താവന പുറത്തുവന്നിരിക്കുന്നത്.
Read Also: വെൺമണി ഇരട്ടക്കൊല കേസ്; ഒന്നാം പ്രതിക്ക് വധശിക്ഷ