തൃശൂർ: വെട്ടേറ്റ് ചികിൽസയിലായിരുന്ന കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശിയും സംരംഭകയുമായ റിന്‍സിയുടെ കൊലപാതകം മുൻവൈരാഗ്യം മൂലമെന്ന് പോലീസ്. റിൻസിയുടെ തുണിക്കടയിലെ ജീവനക്കാരനായിരുന്നു പ്രതി റിയാസ്. ഇയാളെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന്റെ വിരോധമാണ് കൊലയിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
റിൻസിയുടെ കുടുംബകാര്യങ്ങളിൽ റിയാസ് ഇടപെട്ടതോടെയാണ് ഇയാളെ ജോലിയിൽ നിന്ന് പുറത്താക്കിയത്. പിന്നാലെ, ജോലിയിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് റിൻസിയെ റിയാസ് നിരന്തരം ശല്യപ്പെടുത്തിയിരുന്നു. എന്നാൽ, തിരിച്ചെടുക്കാൻ റിൻസി തയ്യാറായില്ല. ഈ പകയാകാം റിയാസിനെ കൊലയിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു.
ഇന്നലെ രാത്രിയോടെ ചെമ്പറമ്പ് പള്ളി റോഡിലായിരുന്നു സംഭവം. കേരളവര്‍മ്മ ഹയര്‍ സെക്കണ്ടറി സ്കൂളിന് സമീപമുള്ള തുണിക്കട അടച്ച് മക്കളോടൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങവെയാണ് റിന്‍സിയെ റിയാസ് ആക്രമിച്ചത്. റോഡില്‍ ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്ന യുവാവ് ഇവരെ തടഞ്ഞു നിർത്തി വെട്ടുകയായിരുന്നു. തുടർന്ന് ചികിൽസയിൽ ഇരിക്കെ ഇന്നാണ് റിൻസി മരിച്ചത്. റിയാസിനായി തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
Most Read: ‘ദി കശ്മീർ ഫയൽസ്’ സംവിധായകന് വൈ ക്യാറ്റഗറി സുരക്ഷ ഒരുക്കാൻ കേന്ദ്ര നിർദ്ദേശം