ഇംഫാൽ: മണിപ്പൂർ പോലീസ് കമാൻഡോകളുടെ കറുത്ത യൂണിഫോം ധരിച്ചു കലാപകാരികൾ എത്താൻ സാധ്യതയുണ്ടെന്ന് പോലീസ് മുന്നറിയിപ്പ്. കമാൻഡോ യൂണിഫോം ദുരൂപയോഗം ചെയ്യരുതെന്നും പോലീസ് ആവശ്യപ്പെട്ടു. മണിപ്പൂർ പോലീസ് കമാൻഡോകളുടെ കറുത്ത യൂണിഫോം അണിഞ്ഞു ഒരു സംഘം അക്രമകാരികൾ നീങ്ങുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു.
കലാപത്തിനിടെ പോലീസ് കേന്ദ്രങ്ങളിൽ നിന്ന് മോഷ്ടിച്ച വസ്ത്രങ്ങളാണ് ഇതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതേത്തുടർന്നാണ് പോലീസ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. സൈനിക വാഹനങ്ങളടക്കം പരിശോധിക്കുന്നതിൽ തെറ്റില്ലെന്നും ഉദ്യോഗസ്ഥരുടെ തിരിച്ചറിയൽ കാർഡുകൾ പരിശോധിക്കണമെന്നും പോലീസ് മേധാവി നിർദ്ദേശം നൽകി.
അതേസമയം, മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട ആരോപണത്തിൽ സിപിഐ ദേശീയ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ആനി രാജയ്ക്ക് എതിരെ പോലീസ് കേസെടുത്തു. മണിപ്പൂരിലേത് സർക്കാർ സ്പോൺസേർഡ് കലാപമാണെന്ന ആരോപണം ഉന്നയിച്ചതിനാണ് കേസ്. ആനി രാജയ്ക്ക് പുറമെ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമന്റെ വസ്തുതാന്വേഷണ സമിതി അംഗങ്ങളായ നിഷ സിദ്ദു, ദീക്ഷ ദിവേദി എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
Most Read: സംസ്ഥാനത്ത് പെൻഷൻ വിതരണം മറ്റന്നാൾ മുതൽ ആരംഭിക്കും