കോഴിക്കോട്: താമരശ്ശേരിയിൽ ദേശീയപാതക്ക് സമീപത്തെ ജ്വല്ലറിയിൽ കവർച്ച. പൂട്ട് കുത്തിത്തുറന്ന് 16 പവനോളം സ്വർണവും 65,000 രൂപയും കവർന്നു. താമരശ്ശേരി പഴയ സ്‌റ്റാൻഡിന് സമീപത്തെ പൊന്നിനം ജ്വല്ലേഴ്‌സിൽ ചൊവ്വാഴ്‌ച പുലർച്ചെയാണ് മോഷണം നടന്നത്.
126.890 ഗ്രാം തൂക്കംവരുന്ന കുട്ടികൾക്കായുള്ള സ്വർണവളകളും മേശവലിപ്പിലുണ്ടായിരുന്ന പണവുമാണ് മോഷണം പോയത്. താമരശ്ശേരി ഡിവൈഎസ്‌പി ഇപി പൃഥ്വിരാജ്, ഇൻസ്‌പെക്‌ടർ എംപി രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം ജ്വല്ലറിയിൽ തെളിവെടുപ്പ് നടത്തി. ഫൊറൻസിക് സംഘവും, ഡോഗ് സ്‌ക്വാഡും സംഭവ സ്‌ഥലത്തെത്തി പരിശോധിച്ചു.
രാത്രിയില്‍ ഷട്ടര്‍ കുത്തിപ്പൊളിച്ച് ഗ്ളാസ് വാതില്‍ തകര്‍ത്താണ് മോഷ്‌ടാവ് അകത്ത് കയറിയത്. ഷട്ടര്‍ കുത്തി തുറക്കാനുപയോഗിച്ച ഇരുമ്പ് കമ്പി സമീപത്ത് ഉപേക്ഷിച്ച നിലയിൽ പോലീസ് കണ്ടെത്തി. ജ്വല്ലറിയില്‍ നിന്ന് മണം പിടിച്ച് സമീപമുള്ള ഇടറോഡിലേക്കാണ് പോലീസ് നായ ഓടിയത്. ഈ വഴിയിലുള്ള സ്‌ഥാപനങ്ങളിലെ സിസി ടിവി ദൃശ്യങ്ങള്‍ അടക്കമുള്ളവ പോലീസ് പരിശോധിക്കുന്നുണ്ട്.
ജ്വല്ലറിയിലെ സിസി ടിവി ക്യാമറ പ്രവർത്തന രഹിതമായതിനാൽ സമീപത്തെ കടകളിൽ നിന്നുള്ള സിസി ടിവി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിക്കുന്നുണ്ടെന്ന് ഡിവൈഎസ്‌പി അറിയിച്ചു.
ചൊവ്വാഴ്‌ച രാവിലെ സമീപത്തെ കട തുറക്കാനെത്തിയ പച്ചക്കറി വ്യാപാരിയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉടമകളിലൊരാളെ വിളിച്ചറിയിച്ചത്. ആഭരണങ്ങൾ വച്ച ട്രേകളും പണം വച്ച മേശയും ഫയലുകളുമെല്ലാം വാരിവലിച്ചിട്ട നിലയിലാണ് കണ്ടെത്തിയതെന്ന് ജ്വല്ലറി ഉടമകളിലൊരാളായ ഉണ്ണികുളം ഉണ്ണിണികുന്നുമ്മൽ അബ്‌ദുൾ സലീം അറിയിച്ചു.
കുട്ടികൾക്കായുള്ള ആഭരണങ്ങൾ സൂക്ഷിക്കുന്ന ഭാഗത്ത് നിന്നും സ്വർണവളകൾ മാത്രമാണ് മോഷണം പോയത്. സമീപത്തായി മോതിരവും കമ്മലും വെള്ളി ആഭരണങ്ങളുമെല്ലാം ഉണ്ടായിരുന്നെങ്കിലും അവയൊന്നും അപഹരിക്കപ്പെട്ടിട്ടില്ല. മാത്രമല്ല പോലീസെത്തുമ്പോൾ ഏതാനും സ്വർണവളകൾ നിലത്തു വീണുകിടക്കുന്ന നിലയിലായിരുന്നു. മറ്റെന്തെങ്കിലും ശബ്‌ദം കേട്ടതുകൊണ്ടോ മറ്റോ മോഷ്‌ടാവ് ധൃതിയിൽ കടന്നുകളഞ്ഞതിനാലാവാം അങ്ങനെ സംഭവിച്ചതെന്നാണ് കരുതുന്നതെന്ന് ഇൻസ്‌പെക്‌ടർ എംപി രാജേഷ് പറഞ്ഞു.
Malabar News: മർകസു സഖാഫത്തി സുന്നിയ്യക്ക് ‘ദിവാൻ’ എന്ന പേരിൽ കേന്ദ്രീകൃത ഓഫീസ് സമുച്ഛയം വരുന്നു







































