പാരീസ്: കഴിഞ്ഞ സീസണിലെ മികച്ച ലോക ഫുട്‌ബോളർക്കുള്ള ‘ബലോൻ ദ് ഓർ പുരസ്‌കാരം’ സ്വന്തമാക്കി ഇംഗ്ളീഷ് ക്‌ളബ് മാഞ്ചസ്‌റ്റർ സിറ്റിയുടെ സ്‌പാനിഷ് മിഡ്‌ഫീൽഡർ റോഡ്രി. കഴിഞ്ഞ സീസണിൽ ക്ളബിനായും യൂറോ കപ്പ് സ്‌പെയിനിനായും പുറത്തെടുത്ത തകർപ്പൻ പ്രകടനത്തിന്റെ ബലത്തിലാണ് മികച്ച ലോക ഫുട്‌ബോളർക്കുള്ള ഫ്രാൻസ് ഫുട്‍ബോൾ മാസികയുടെ പരമോന്നത പുരസ്‌കാരം റോഡ്രിയെ തേടിയെത്തിയത്.
പുരസ്‌കാരം നേടിമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്ന റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരം വിനീസ്യൂസ് ജൂനിയറിനെ പിന്തള്ളിയാണ് റോഡ്രിയുടെ പുരസ്‌കാര നേട്ടം. റയൽ മാഡ്രിഡിന്റെ ഇംഗ്ളീഷ് താരം ജൂഡ് ബെലിങ്ങോം മൂന്നാമതായി. അതേസമയം, വിനീസ്യൂസ് ജൂനിയറിന് പുരസ്‌കാരം നൽകാത്തതിൽ പ്രതിഷേധിച്ച് റയൽ മാഡ്രിഡ് ചടങ്ങ് ബഹിഷ്‌കരിച്ചത് കല്ലുകടിയായി.
പുരുഷ ഫുട്‌ബോളർമാരിൽ മികച്ച ക്ളബിനും പരിശീലകനും സ്‌ട്രൈക്കർമാർക്കുമുള്ള പുരസ്‌കാരങ്ങൾ റയലുമായി ബന്ധപ്പെട്ടവരാണ് നേടിയതെങ്കിലും അവരാരും പുരസ്‌കാരം സ്വീകരിക്കാനെത്തിയില്ല. സ്‌പെയിൻ ദേശീയ ടീമിനും മാഞ്ചസ്‌റ്റർ സിറ്റി ക്ളബിനും വേണ്ടി പുറത്തെടുത്ത മികവാണ് 28-കാരനായ റോഡ്രിയെ പുരസ്‌കാര നേട്ടത്തിലെത്തിച്ചത്.
ഡിഫൻസീവ് മിഡ്‌ഫീൽഡറെന്ന നിലയിൽ സ്പെയിനിനെ യൂറോ കപ്പ് ജേതാക്കളാക്കുന്നതിൽ നിർണായക പങ്കുവഹിച്ച റോഡ്രി ടൂർണമെന്റിലെ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടു. സ്‌പാനിഷ് ക്ളബ് ബാർസിലോണയുടെ മിഡ്‌ഫീൽഡർ അയ്‌റ്റാന ബോൺമറ്റി ഇത്തവണയും മികച്ച വനിതാ താരത്തിനുള്ള ബലോൻ ദ് ഓർ ഫെമിനിൻ പുരസ്‌കാരം നേടി.
വനിതാ ചാംപ്യൻസ് ലീഗിലും സ്‌പാനിഷ് ലീഗിലും ബാർസിലോന കിരീടം നിലനിർത്തിയതിൽ ബോൺമാറ്റി നിർണായക പങ്കുവഹിച്ചിരുന്നു. ബാർസയിൽ അയ്‌റ്റാനയുടെ സഹതാരങ്ങളായ കരോളിൻ ഗ്രഹാം ഹാൻസൻ രണ്ടാം സ്‌ഥാനവും സൽമ പേരാലുവേലോ മൂന്നാം സ്‌ഥാനവും നേടി. മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി ബാർസിലോണയുടെ സ്‌പാനിഷ് താരം ലമീൻ യമാൽ സ്വന്തമാക്കി.
21 വയസിന് താഴെയുള്ള താരങ്ങൾക്ക് നൽകുന്ന ഈ പുരസ്‌കാരം നേടുന്ന 18 വയസിന് താഴെയുള്ള ആദ്യത്തെ താരമാണ് 17-കാരനായ ലമീൻ യമാൽ. റയൽ മാഡ്രിഡിന്റെ തുർക്കി താരം ആർദ ഗുലർ രണ്ടാം സ്‌ഥാനവും മാഞ്ചസ്‌റ്റർ യുണൈറ്റഡിന്റെ ഇംഗ്ളീഷ് താരം കോബി മയ്‌നു മൂന്നാം സ്‌ഥാനവും നേടി. മികച്ച ഗോൾ കീപ്പർക്കുള്ള ലെവ് യാഷിൻ പുരസ്‌കാരം ആസ്‌റ്റൺ വില്ലയുടെ അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് നിലനിർത്തി.
Most Read| ജലത്തിൽ തെളിയുന്ന മഴവിൽക്കാഴ്‌ച; ഈ ചതുപ്പുകാട് മനസിന് കുളിർമയേകും