തിരുവനന്തപുരം: ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്റെ സുരക്ഷ വർധിപ്പിച്ച സാഹചര്യത്തിൽ കേരളാ പോലീസും ജാഗ്രതയിൽ. സുരക്ഷ ഉയർത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനം വന്നശേഷം മോഹൻ ഭാഗവത് പങ്കെടുക്കുന്ന ആദ്യ പരിപാടി കേരളത്തിലാണ്. പ്രധാനമന്ത്രിക്ക് തുല്യമായാണ് നിലവിൽ കേന്ദ്ര സർക്കാർ മോഹൻ ഭാഗവതിന്റെ സുരക്ഷ വർധിപ്പിച്ചത്.
ശനിയാഴ്‌ച പാലക്കാട് തുടങ്ങുന്ന സമന്വയ ബൈഠക്കിൽ പങ്കെടുക്കാനാണ് മോഹൻ ഭാഗവത് കേരളത്തിൽ എത്തുന്നത്. സംഘപരിവാർ സംഘടനകളുടെ പ്രവർത്തണം വിലയിരുത്താൻ വർഷത്തിലൊരിക്കൽ ചേരുന്ന സമ്മേളനമാണിത്. മൂന്ന് ദിവസമാണ് സമ്മേളനം.
‘മോഹൻ ഭാഗവതിന് സെഡ് പ്ളസ് സുരക്ഷാ ക്രമീകരണങ്ങളാണ് പാലക്കാട് ഒരുക്കിയിരിക്കുന്നത്. കേന്ദ്രത്തിൽ നിന്ന് കൂടുതൽ നിർദ്ദേശങ്ങൾ ലഭിക്കുന്ന മുറയ്‌ക്ക് സുരക്ഷയിൽ അതിനനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തും’- ഉന്നത പോലീസ് ഉദ്യോഗസ്‌ഥൻ പറഞ്ഞു.
കൂടുതൽ പോലീസിനെ പാലക്കാട് വിന്യസിക്കും. താമസസ്‌ഥലം, യാത്ര, പൊതുസമ്മേളനം എന്നിവിടങ്ങളിൽ സുരക്ഷ കൂടുതൽ ശക്‌തമാക്കും. പല വളയങ്ങളിലുള്ള (റിങ്) സുരക്ഷയാകും നൽകുക. വിഐപിയുടെ ഏറ്റവും അടുത്ത സിഐഎസ്എഫ് സുരക്ഷ ഒരുക്കും. അതിന് പുറത്തെ സുരക്ഷാ കാര്യങ്ങൾ കേരള പോലീസും ഒരുക്കും. സെഡ് പ്ളസ് സുരക്ഷയുണ്ടെങ്കിലും ചില സംസ്‌ഥാനങ്ങളിൽ സുരക്ഷാ വീഴ്‌ച വരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് മോഹൻ ഭാഗവതിന്റെ സുരക്ഷ വർധിപ്പിച്ചത്.
Most Read| മാദ്ധ്യമപ്രവർത്തകരെ തള്ളിമാറ്റിയ സംഭവം; സുരേഷ് ഗോപിക്കെതിരെ അന്വേഷണം