ധര്‍മശാല: സര്‍ക്കാരിന്റെ റിമോട്ട് കണ്‍ട്രോളല്ല ആർഎസ്എസ് എന്ന് മോഹന്‍ ഭാഗവത്. സമൂഹത്തിന് വേണ്ടി പബ്ളിസിറ്റിയില്ലാതെ നിരന്തരം പ്രവര്‍ത്തിക്കുകയാണ് തങ്ങളെന്നും ആര്‍എസ്എസ് തലവന്‍ അവകാശപ്പെട്ടു. ഹിമാചല്‍ പ്രദേശിലെ ധര്‍മശാലയില്‍ നടന്ന ഒരു പരിപാടിയിലായിരുന്നു മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം.
‘സര്‍ക്കാരിന്റെ റിമോട്ട് കണ്‍ട്രോള്‍ എന്നാണ് മാദ്ധ്യമങ്ങള്‍ ഞങ്ങളെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ അത് അസത്യമാണ്. ഞങ്ങളുടെ ചില പ്രവര്‍ത്തകര്‍ തീര്‍ച്ചയായും സര്‍ക്കാരിന്റെ ഭാഗമാണ്. ഞങ്ങളുടെ സ്വയം സേവകര്‍ക്ക് സര്‍ക്കാര്‍ ഒരു തരത്തിലുള്ള ഉറപ്പും നല്‍കുന്നില്ല. സര്‍ക്കാരില്‍ നിന്ന് എന്താണ് ലഭിക്കുന്നതെന്ന് ആളുകള്‍ ഞങ്ങളോട് ചോദിക്കുന്നു. ഞങ്ങള്‍ക്ക് സ്വന്തമായുള്ളത് പോലും നഷ്‌ടപ്പെടേണ്ടി വന്നേക്കാം എന്നതാണ് അവരോടുള്ള എന്റെ ഉത്തരം’- ഭഗവത് പറഞ്ഞു.
40,000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഇന്ത്യയിലെ എല്ലാ ജനങ്ങളുടെയും ഡിഎന്‍എയും ഇന്നത്തെ ആളുകളുടെ ഡിഎന്‍എയും ഒന്നുതന്നെയാണെന്നും ഭാഗവത് പറഞ്ഞു. നമ്മുടെ എല്ലാവരുടെയും പൂര്‍വികര്‍ ഒന്നാണ്. അവർ കാരണം നമ്മുടെ രാജ്യം അഭിവൃദ്ധിപ്പെട്ടു. ഇന്ത്യ ഒരു ലോക ശക്‌തിയായില്ലെങ്കിലും കോവിഡിന് ശേഷമുള്ള കാലഘട്ടത്തില്‍ ഒരു ലോക ഗുരുവായി മാറാനുള്ള കഴിവ് ഇന്ത്യക്കുണ്ട്. ലോകം ഇന്ത്യയെ ഉറ്റുനോക്കുകയാണെന്നും അവര്‍ ഇന്ത്യന്‍ മാതൃക അനുകരിക്കാന്‍ ആഗ്രഹിക്കുകയാണെന്നും ഭാഗവത് പറഞ്ഞു.
Read also: സ്‍ത്രീകളുടെ വിവാഹപ്രായം; കേന്ദ്ര സർക്കാരിനെ അനുകൂലിച്ച് പി ചിദംബരം







































