പാലക്കാട്: ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിലെ കേസ് അന്വേഷണം എൻഐഎ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അമിത്ഷായെ കാണും. സംഭവത്തിൽ സംസ്‌ഥാന പോലീസിന് ഗുരുതര വീഴ്‌ച സംഭവിച്ചുവെന്നാണ് ബിജെപിയുടെ ആരോപണം.
സിപിഐഎം പോപ്പുലർ ഫ്രണ്ട് വർഗീയ കൂട്ടുകെട്ടിനെതിരെ ശക്‌തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 10 ആർഎസ്എസ്- ബിജെപി പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. ഈ കേസുകളിലൊന്നും പോലീസ് ഗൂഢാലോചന അന്വേഷിച്ചിട്ടില്ല.
സംസ്‌ഥാനത്ത് ആയുധ പരിശീലനവും സംഭരണവും നടക്കുന്നുണ്ട്. എന്നാൽ ഇവർക്ക് മുന്നിൽ പോലീസ് മുട്ടുമടക്കുകയാണ്. പോപ്പുലർ ഫ്രണ്ടിന്റെ പേര് പറയാൻ പോലും പോലീസ് ഭയപ്പെടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഔദ്യോഗിക സംവിധാനങ്ങളെ തീവ്രവാദ സംഘടനകൾ ഭയപ്പെടുത്തി നിർത്തിയിരിക്കുകയാണ്.
പിണറായി വിജയന്റെ പിന്തുണയോടെയാണ് സംസ്‌ഥാനത്ത് തീവ്രവാദ ശക്‌തികൾ അഴിഞ്ഞാടുന്നതെന്നും അദ്ദേഹം ആരോപിച്ചു. പ്രതികളെ പിടികൂടുന്നതിൽ പോലീസ് മെല്ലപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെങ്കിൽ അമ്മമാരെ ഉൾപ്പെടെ അണിനിരത്തി സംസ്‌ഥാന വ്യാപകമായി ജനകീയ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Read Also: ബിനീഷിനെതിരെ തെളിവില്ല, സംശയംവെച്ച് ഒരാളെ കുറ്റവാളിയാക്കാന്‍ കഴിയില്ല; ഹൈക്കോടതി