കീവ്: യുക്രൈൻ അധിനിവേശത്തിന്റെ ഒൻപതാം നാൾ ആണവനിലയം ആക്രമിച്ച് റഷ്യ. തെക്കുകിഴക്കൻ മേഖലയിലെ സപോർഷ്യ ആണവകേന്ദ്രത്തിന് നേരെയാണ് ഷെല്ലാക്രമണം ഉണ്ടായത്. ഷെല്ലുകൾ വീണ് ആണവകേന്ദ്രത്തിന്റെ വളപ്പിനുള്ളിൽ തീപിടുത്തമുണ്ടായി. റിയാക്ടറുകളുടെ സുരക്ഷാപരിധിക്ക് പുറത്താണ് ഷെല്ലുകൾ വീണതെന്ന് റഷ്യ അവകാശപ്പെട്ടു. നിലയത്തിലെ പരിശീലന കേന്ദ്രത്തിലാണ് തീപിടുത്തമുണ്ടായത്.
തീയണക്കാൻ എത്തിയ അഗ്നിരക്ഷാ സേനയെ റഷ്യൻ സൈന്യം ആദ്യം തടഞ്ഞിരുന്നു. പിന്നീട് അനുവാദം നൽകുകയും തീയണക്കുകയും ചെയ്തു. നിലവിൽ ആണവ വികിരണതോത് നിയന്ത്രിത പരിധിയിലാണെന്നും അധികൃതർ അറിയിച്ചു. യൂറോപ്പിലെ ഏറ്റവും വലിപ്പമേറിയതാണ് സപോർഷ്യയിലെ ആണവനിലയം. രാജ്യാന്തര ആണവോർജ ഏജൻസി സ്ഥിതി വിലയിരുത്തി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ, യുക്രൈൻ പ്രസിഡണ്ട് വ്ളോഡിമിർ സെലൻസ്കിയെ വിളിച്ച് ചർച്ച നടത്തി. സെലൻസ്കിയുമായി സംസാരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ യുഎൻ രക്ഷാസമിതിയുടെ അടിയന്തര യോഗം വിളിക്കണമെന്ന് ആവശ്യപ്പെടുമെന്നും അറിയിച്ചിട്ടുണ്ട്. പുടിന്റെ നടപടികൾ യൂറോപ്പിന് തന്നെ ഭീഷണിയാണെന്ന് ബോറിസ് ജോൺസൺ പറഞ്ഞു.
Most Read: വാഹനങ്ങളിലെ തോന്നിവാസങ്ങൾ; നടപടിക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാം





































